വീണ്ടും സുഷമയുടെ കാരുണ്യം, സജിമോന്‍ നാട്ടിലെത്തി

Sunday 20 August 2017 9:32 pm IST

അമ്പലപ്പുഴ: കേന്ദ്ര വിദേശ മന്ത്രി സുഷമ സ്വരാജിന്റെ കാരുണ്യം സജിമോനെ തേടിയെത്തിയപ്പോള്‍ ഒരു കുടംബത്തിന് ആശ്വാസം. ശമ്പളമില്ലാതെ ഗള്‍ഫില്‍ കുടുങ്ങിയ യുവാവ് സുരക്ഷിതനായി നാട്ടിലെത്തി. ആലപ്പുഴ പുറക്കാട് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ മീനപ്പള്ളിച്ചിറ വീട്ടില്‍ സജിമോന്‍(41)ആണ് കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്ന് തിരികെ നാട്ടിലെത്തിയത്. 2016 നവംബറിലാണ് തിരുവനന്തപുരം സ്വദേശിയായ ഇടനിലക്കാരന്‍ മാസം 30,000 രൂപ ശമ്പളം ലഭക്കുമെന്ന് പറഞ്ഞാണ് ജോലിക്ക് കൊണ്ടുപോയത്. ഇലക്ട്രിക്കല്‍/ഹെല്‍പ്പര്‍ വിഭാഗത്തില്‍ ജോലി വാങ്ങിനല്‍കമെന്നായിരുന്നു വാഗ്ദാനം. ഇതിനായി ഒരു ലക്ഷത്തി അയ്യായിരം രൂപ സജിമോന്‍ നല്‍കി. എന്നാല്‍, പറഞ്ഞ ജോലിയോ ശമ്പളമോ ഇദ്ദേഹത്തിനു ലഭിച്ചില്ല. പകരം കെട്ടിടത്തിന്റെ അറുപതാം നിലയില്‍ ആദ്യത്തെ രണ്ടു മാസം ജോലി നല്‍കി, പിന്നീട് അതുംപോയി. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഷാര്‍യിലുള്ള ടെന്റിലേക്കു മാറ്റി. ഇതോടെ പരിഭ്രാന്തനായ സജിമോന്‍ നാട്ടില്‍ പോകണമെന്ന് കരാറുകാരനോട് പറഞ്ഞെങ്കിലും രണ്ടു ലക്ഷം രൂപ നല്‍കണമെന്നായി. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിച്ചു. സ്ഥലത്തെ ജില്ലാ പഞ്ചായത്തംഗം വഴി ബന്ധുക്കള്‍ സ്ഥലം എംപി കെ.സി. വേണുഗോപാലിന് പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ, ബിജെപി നേതാക്കള്‍ വഴി വിദേശമന്ത്രി സുഷമ സ്വരാജിനെ സമീപിച്ചു. തുടര്‍ന്നാണ് ഇന്ത്യന്‍ എംബസി വഴി സജിമോനെ നാട്ടിലെത്തിച്ചത്. ഇതോടൊപ്പം വിദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സജിമോനുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായി സ്ഥലം പറയാന്‍ കഴിഞ്ഞില്ല. എങ്കിലും അവര്‍ അന്വേഷിച്ച് കൃത്യമായി താമസിക്കുന്ന സ്ഥലം കണ്ടെത്തി നേരില്‍ വന്നു കണ്ടതായി സജിമോന്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസം മുന്‍പ് നാട്ടിലെത്തിയ സജിമോന്‍ ആദ്യം നന്ദി പറഞ്ഞത് കേന്ദ്ര സര്‍ക്കാരിനാണ്. ബന്ധുക്കളുമായി ബിജെപി ഓഫീസിലെത്തി നന്ദിപറയാന്‍ തയാറെടുക്കുകയാണ് സജിമോനും അമ്മ സുമംഗലയും ഭാര്യ ബിന്ദുവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.