ഇടതു സര്‍ക്കാരിന്റേത് ഹിന്ദുവിരുദ്ധ നിലപാട്

Sunday 20 August 2017 9:40 pm IST

കോഴിക്കോട്: ഹിന്ദുവിരുദ്ധ നിലപാട് സ്വീകരിച്ച ഇടതു സര്‍ക്കാര്‍ ഹിന്ദുസമൂഹത്തിന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. ഹിന്ദു ഐക്യവേദി സാമൂഹ്യ നീതി കര്‍മ്മസമിതി ഉത്തരമേഖലാ ഹിന്ദുനേതൃസമ്മേളനത്തിന്റെ സമാപന സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സമഗ്രമായ ഭൂപരിഷ്‌കരണം നടപ്പിലാക്കുക, പാട്ടക്കാലാവധി കഴിഞ്ഞ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുക, പട്ടികജാതിവര്‍ഗ്ഗ-പിന്നാക്ക സമൂഹങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അമര്‍ച്ചചെയ്യാന്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുക, സ്ത്രീ സുരക്ഷാ നിയമം കര്‍ശനമാക്കുക, അതിക്രമത്തിനിരയായവര്‍ക്കും, ബന്ധുക്കള്‍ക്കും നഷ്ടപരിഹാരം നല്‍കുക, അന്യാധീനപ്പെട്ട ക്ഷേത്ര ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കുക, ഒഇസി ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുക, ജനസംഖ്യാ അസന്തുതിലാവസ്ഥയ്ക്ക് പരിഹാരം കാണുക തുടങ്ങിയ പ്രമേയങ്ങള്‍ നേതൃയോഗം അംഗീകരിച്ചു. നളന്ദ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം ശാരദ അദ്വൈതാശ്രമത്തിലെ സ്വാമി സത്യാനന്ദപുരി ഉദ്ഘാടനം ചെയ്തു. വീരശൈവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. ശിവന്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, സാമൂഹ്യ നീതി കര്‍മ്മസമിതി സംസ്ഥാന കണ്‍വീനര്‍ വി. സുശികുമാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറിമാരായ ശശി കമ്മട്ടേരി, കെ. ഷൈനു, കോഴിക്കോട് ജില്ലാ സംഘനാ സെക്രട്ടറി ബൈജു കൂമുള്ളി തുടങ്ങിയവര്‍ സംസാരിച്ചു. 55 സമുദായസംഘടനകളില്‍ നിന്നായി 95 നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സാമൂഹ്യനീതി കര്‍മ്മസമിതി ഉത്തരമേഖലാ കണ്‍വീനറായി കെ. ഷൈനുവിനെ തെരഞ്ഞെടുത്തു.