മെഡിക്കല്‍ കോളേജ് ആശുപത്രി വീര്‍പ്പുമുട്ടുന്നു

Sunday 20 August 2017 10:06 pm IST

ഗാന്ധിനഗര്‍: ദിവസവും 2000നും 2500നും ഇടയില്‍ രോഗികള്‍ പരിശോധനയ്ക്കും തുടര്‍ചികിത്സയ്ക്കുമായി എത്തുന്ന കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി രോഗികളെ ഉള്‍ക്കൊള്ളാനാകാതെ വീര്‍പ്പുമുട്ടുകയാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലുള്ള പാവപ്പെട്ട രോഗികളുടെ ആശ്രയകേന്ദ്രമായ ഇവിടം ഇല്ലായ്മകള്‍ക്ക് നടുവിലാണ്. പരിശോധനയ്‌ക്കെത്തുന്ന രോഗികളില്‍ തന്നെ 500നും 600നും ഇടയിലുള്ളവരെ തുടര്‍ചികിത്സയ്ക്കായി കിടത്തി ചികിത്സിക്കേണ്ടിയും വരുന്നുണ്ട്. രോഗികളുടെ വര്‍ദ്ധനവിനനുസരിച്ച് കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനോ, ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, മറ്റുജീവനക്കാര്‍ എന്നിവരെ നിയമിക്കുവാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. 120 കിടക്കകളുള്ള മെഡിക്കല്‍ വാര്‍ഡില്‍ മൂന്നിരട്ടിരോഗികളെയാണ് കിടത്തി ചികിത്സിക്കുന്നത്. സര്‍ജ്ജിക്കല്‍ വാര്‍ഡിലെ സ്ഥിതിയും ഭിന്നമല്ല. ഓപ്പറേഷന് ശേഷവും കിടക്കയുടെ അഭാവം നിമിത്തം പലര്‍ക്കും തറയില്‍ കിടക്കേണ്ട അവസ്ഥയുണ്ട്. ഡോക്ടര്‍, നഴ്‌സ്, രോഗി അനുപാത#ം താളം തെറ്റിയിരിക്കുകയാണ്. വെന്റിലേറ്ററകളുടെ അഭാവമാണ് ഏറ്റവുമധികം ബുദ്ധിമുട്ടിലാക്കുന്നത്. ഉള്ളവയില്‍ പലതും പ്രവര്‍ത്തിക്കാത്തതും രോഗികളെ വളരെ വിഷമിപ്പിക്കുന്നു. വെന്റിലേറ്റര്‍ കിട്ടാതെ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ട രോഗി മരിച്ച സംഭവവും അടുത്ത കാലത്താണുണ്ടായത്. ഇതില്‍ നിന്നും വ്യത്യസ്തമല്ല സ്‌കാനിംഗ് യന്ത്രത്തിന്റ കാര്യവും. സ്‌കാനിംഗ് നടത്താനാവാതെ ഓപ്പറേഷന്‍ മാറ്റിവയ്‌ക്കേണ്ടി വരുന്നു. എക്‌സറേ യൂണിറ്റിലും ജീവനക്കാരില്ലാത്തതുമൂലം 5മണിയോടെ ഇവിടം പൂട്ടുവീഴും. പിന്നീട് സ്വകാര്യ സ്ഥാപനങ്ങളെ രോഗികള്‍ ആശ്രയിക്കേണ്ടിവരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.