ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ന് തുടങ്ങും

Sunday 20 August 2017 10:15 pm IST

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ന് ഇവിടെ ആരംഭിക്കും. മികച്ച ഫോം നിലനിര്‍ത്തുന്ന കെ. ശ്രീകാന്തും രണ്ടു തവണ വെങ്കല മെഡല്‍ ജേതാവായ പി വി സിന്ധുവുമാണ് 21 അംഗ ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്. ഇന്തോനേഷ്യയിലും ഓസ്‌ട്രേലിയയിലും തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയ ശ്രീകാന്ത് ഇത്തവണ ഇന്ത്യക്കായി ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുമെന്നാണ് പ്രതീക്ഷ. 2016 ലെ ചൈന ഓപ്പണിലും ഈ വര്‍ഷത്തെ ഇന്ത്യ ഓപ്പണിലും കിരീടമണിഞ്ഞ സിന്ധു 2013,14 വര്‍ഷങ്ങളില്‍ നേടിയ വെങ്കലമെഡലുകള്‍ക്ക് ഇത്തവണ സുവര്‍ണ നിറം നല്‍കുമെന്ന് കരുതുന്നു. തുടര്‍ച്ചയായ മൂന്ന് ഫൈനലുകളില്‍ വിജയം നേടിയാണ് ശ്രീകാന്ത് ലോക ചാമ്പ്യന്‍ഷിപ്പിനെത്തുന്നത്. ഈ സീസണിലെ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് സിന്ധുവും മാറ്റുരയ്ക്കാനെത്തുന്നത്. 2015 ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയ സൈന നെവാളും ഇന്ത്യന്‍ ടീമിലുണ്ട്. ആദ്യ റൗണ്ടുകളില്‍ സിന്ധുവിനും സൈനയ്ക്കും ബൈ ലഭിച്ചു. ലോക പതിനഞ്ചാം നമ്പറായ സായ് പ്രണീത്, സമീര്‍ വര്‍മ, അജയ് ജയറാം തുടങ്ങിയവരും ഇന്ത്യന്‍ ടീമിലുണ്ട്. പ്രണീത് ആദ്യ റൗണ്ടില്‍ ഹോങ്കോങ്ങിന്റെ വീ നാനെയും അജയ് ജയറാം ഓസ്ട്രിയയുടെ ലുക്കാ വ്രാബറെയും എതിരിടും.ഇതാദ്യമായി ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന സമീര്‍ വര്‍മ ആദ്യ മത്സരത്തില്‍ സ്‌പെയിനിന്റെ പാബ്‌ളോ എബിയനെ നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.