ഗണേശദര്‍ശനോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Sunday 20 August 2017 10:54 pm IST

കൊച്ചി: ഗണേശോത്സവ ട്രസ്റ്റ്, എറണാകുളം ശിവക്ഷേത്ര ക്ഷേമസമിതി, നഗരത്തിലെ വിവിധ ഹൈന്ദവസംഘടനകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗണേശോത്സവത്തിന് തുടക്കമായി. എറണാകുളം ശിവക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഗണേശദര്‍ശനോത്സവത്തിന് തിരി തെളിച്ചതോടെയാണ് ഗണേശോത്സവത്തിന് തുടക്കം കുറിച്ചത്. ഇതോടനുബന്ധിച്ച് നടക്കുന്ന രാജ്യാന്തര നൃത്തോത്സവം ആര്‍എല്‍ വി രാധാമണി ഉദ്ഘാടനം ചെയ്തു. ഹിന്ദു മതത്തിന്റെ മേന്മയും ലക്ഷ്യവും ഹൈന്ദവര്‍ക്ക് അറിയില്ലെന്നും സനാതന സംസ്‌കാരം ശരിയായി മനസിലാക്കാന്‍ ഹൈന്ദവ വിശ്വാസികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഒരുമയില്ലായ്മയാണ് ഹൈന്ദവര്‍ നേരിടുന്ന കടുത്ത വെല്ലുവിളി. മതനിരപേക്ഷ രാജ്യമായ ഇന്ത്യയില്‍ വിശ്വസിക്കുന്ന മതത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നതിന് സംരക്ഷണം തരാനുള്ള ബാധ്യത ഭരണഘടനാ സ്ഥാപനങ്ങള്‍ക്കുണ്ടെന്നും പ്രയാര്‍ പറഞ്ഞു. പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.എന്‍. ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. എസ്എന്‍ഡിപി കണയന്നൂര്‍ യൂണിയന്‍ പ്രസിഡന്റ് മഹാരാജ ശിവാനന്ദന്‍, കന്നഡ സംഘം പ്രസിഡന്റ് വിജയകുമാര്‍ തന്ത്രി, ആര്‍എസ്എസ് കൊച്ചി മഹാനഗര്‍ കാര്യവാഹക് എം.എല്‍. രമേശ്, കെ.പി. ശിവദാസ്, പി. രാജേന്ദ്രപ്രസാദ്, ടി.ആര്‍. ദേവന്‍, ടി. വിനയകുമാര്‍ എന്നിവര്‍ സംസാരിച്ചു. 23ന് രാവിലെ 8.30 ന് ഗണേശവിഗ്രഹ പ്രതിഷ്ഠ നടക്കും. മുരുകന്‍കോവില്‍ മേല്‍ശാന്തി അമൃതകടേശന്‍ പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിക്കും. അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞന്‍ കെ.ജി. ജയന്‍ സംഗീതാര്‍ച്ചന നടത്തും. 25ന് വൈകിട്ട് 5 മണിയ്ക്ക് ശിവക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഗണേശോത്സവ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഗണേശഭക്ത പുരസ്‌ക്കാരവും ഗണേശനാട്യ പുരസ്‌ക്കാരവും വിതരണം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മേയര്‍ സൗമിനി ജെയിന്‍ മുഖ്യാതിഥിയാകും. ജയലക്ഷ്മി സില്‍ക്സ് മാനേജിങ് ഡയറക്ടര്‍ എന്‍. നാരായണ കമ്മത്തിന് ഗണേശഭക്ത പുരസ്‌ക്കാരം മന്ത്രി സമ്മാനിക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ. സുദര്‍ശന്‍ മുഖ്യ പ്രഭാഷണം നടത്തും. 26ന് വൈകിട്ട് 3.30ന് ശിവക്ഷേത്രത്തില്‍ നിന്ന് പുതുവൈപ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്ര പുറപ്പെടും. പുതുവൈപ്പില്‍ നടക്കുന്ന സമാപന സമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.വി. തോമസ് എംപി മുഖ്യാതിഥിയാകും. എസ്ശര്‍മ്മ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 6 മണിയോടെ മഹാനിമഞ്ജനം നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.