ഇമ്മ്യൂണൈസ് എറണാകുളം കാമ്പയിന് തുടക്കം

Sunday 20 August 2017 10:57 pm IST

കൊച്ചി: ജില്ലയിലെ ഇമ്മ്യൂണൈസേഷന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇമ്മ്യൂണൈസ് എറണാകുളം കാമ്പയിന് തുടക്കമായി. ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുളളയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം പ്രതിരോധ കുത്തിവെയ്പ്പ് ഏടുക്കാത്തവരുടെ വീടുകളില്‍ ചെന്ന് കുത്തിവെയ്പ്പെടുത്തുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ആരോഗ്യരംഗത്ത് ജനകീയവത്കരണവും വിപുലീകരണവും ലക്ഷ്യമിട്ട് നടത്തുന്ന ആരോഗ്യമുളള എറണാകുളത്തിനായി ഒന്നിക്കാം പരിപാടിയിലെ ഒരു കാമ്പയിനാണ് ഇമ്മ്യൂണൈസ് എറണാകുളം. എതെങ്കിലും കാരണങ്ങളാല്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാന്‍ വിട്ടുപോയവരെ പദ്ധതിയുടെ ഭാഗമായി കണ്ടെത്തി കുത്തിവെയ്പ്പെടുപ്പിക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കളക്ടറുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ചുളള പ്രചരണം നടത്തിയത്. സംഘം നാല് വീടുകളില്‍ സന്ദര്‍ശനം നടത്തി ഏഴ് കുട്ടികള്‍ക്ക് കുത്തിവെയ്പ്പെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍.കെ കുട്ടപ്പന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ മാത്യൂസ് നമ്പേലി, ഡെപ്യൂട്ടി ഡിഎംഒ കെ.ആര്‍. വിദ്യ, ഡോ.കെ. നാരായണന്‍ (ഐഎംഎ), ഡോ ശിവപ്രസാദ് (കെജിഎംഒഎ), ഡോ സച്ചിദാനന്ദ കമ്മത്ത്, ഡോ.എം.എന്‍. വെങ്കിടേശ്വരന്‍ (ഐഎപി) എന്നിവരും സംഘത്തിലുണ്ടായിരുന്നു.