ബോണക്കാട് കുരിശ് പുന:സ്ഥാപിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

Sunday 20 August 2017 11:05 pm IST

തിരുവനന്തപുരം: ബോണക്കാട് വനഭൂമിയില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന കുരിശ് പുന:സ്ഥാപിക്കും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉറപ്പ് കൊടുത്തതായി ചര്‍ച്ചയ്ക്കുശേഷം രൂപതാ അധികൃതര്‍ അറിയിച്ചു. ബോണക്കാട് 14 കുരിശുകളാണ് അനധികൃതമായി സ്ഥാപിച്ചിരുന്നത്. അതില്‍ അഞ്ച് കുരിശുകള്‍ നേരത്തെ വനംവകുപ്പ് അധികൃതര്‍ മാറ്റിയിരുന്നു. അന്ന് പ്രതിഷേധം ഉയര്‍ന്നതോടെ സാഭാ നേതൃത്വം വനം മന്ത്രി കെ.രാജുവുമായി ചര്‍ച്ച നടത്തി. വിഷയം പഠിക്കാനായി പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോക്ടര്‍ എച്ച്.നാഗേഷ് പ്രഭുവിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിക്കാനും തീരുമാനിച്ചിരുന്നു. അതുവരെ വനഭൂമിയിലെ കുരിശുകള്‍ നീക്കം ചെയ്യുന്നത് താത്കാലികമായി നിര്‍ത്തിവയ്ക്കാനും പ്രദേശത്ത് റവന്യൂവകുപ്പും വനംവകുപ്പും സംയുക്ത പരിശോധന നടത്തുന്നതിനുംവേണ്ടി ധാരണയുമായി. ശനിയാഴ്ച രാവിലെ രണ്ട് കുരിശുകളും അള്‍ത്താരയും തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഇതോടെ സഭാ നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. ബോണക്കാട് ഉള്‍പ്പെടെ വിതുര വനമേഖലയില്‍ വ്യാപകമായി മതംമാറ്റവും കുരിശ് സ്ഥാപിക്കലുമുണ്ട്. ഇതിനെതിരെ ഹൈന്ദവ സംഘടനകള്‍ പ്രത്യക്ഷ സമര പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വനം വകുപ്പ് അധികൃതര്‍ അനധികൃത കുരിശുകള്‍ നീക്കം ചെയ്തത്. കുരിശ് പൊളിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുരിശുകള്‍ പുനസ്ഥാപിക്കണമെന്നുമാണ് സഭാ നേതൃത്വത്തിന്റെ ആവശ്യം. രണ്ടും അംഗീകരിച്ചതായി ചര്‍ച്ചയ്ക്ക് ശേഷം സഭാ വക്താക്കള്‍ അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രിയോ ഓഫീസോ ഇത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ തയ്യാറായിട്ടില്ല. കുരിശുമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ബോണക്കാട് സ്ഥാപിക്കപ്പെട്ടിരുന്ന കുരിശുകളും അള്‍ത്താരയും തകര്‍ത്ത നടപടി മതസൗഹാര്‍ദ്ദത്തോടുള്ള വെല്ലുവിളിയാണെന്ന് കെസിബിസി പ്രസിഡന്റും അതിരൂപതാ അധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം പറഞ്ഞു. അവകാശപ്പെട്ട സ്ഥലങ്ങള്‍ നിയമപരമായും സമാധാനപരമായും ഒഴിപ്പിച്ചെടുക്കാന്‍ വനംവകുപ്പിന് അവകാശമുണ്ട്. ബന്ധപ്പെട്ടവരുമായുള്ള ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താമെന്ന് ഉറപ്പുകൊടുത്ത സാഹചര്യത്തില്‍ കുരിശുകളും അള്‍ത്താരയും തകര്‍ത്ത് മതസ്പര്‍ധ വളര്‍ത്താനുള്ള ഗൂഢനീക്കത്തിന് വനംവകുപ്പ് ഒത്താശചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സൂസപാക്യം പറഞ്ഞു.