സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ഹൈക്കോടതി വിധി ഇന്ന്

Monday 21 August 2017 8:25 am IST

തിരുവനന്തപുരം: ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിര്‍ണയിച്ച അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസിനെ ചോദ്യംചെയ്ത് സ്വാശ്രയ മാനേജ്മന്റെുകള്‍ നല്‍കിയ ഹര്‍ജിയില്‍ തിങ്കളാഴ്ച ഹൈക്കോടതി അന്തിമ വിധിപറയും. അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസ് നിശ്ചയിച്ച നടപടി നേരത്തേ ശരിവെക്കുകയും പ്രവേശന നടപടികളുമായി മുന്നോട്ടുപോകാനും കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്ത് കോഴിക്കോട് കെ.എം.സി.ടി, എറണാകുളം ശ്രീനാരായണ കോളജുകള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 11 ലക്ഷം രൂപ വരെ ഫീസ് ഈടാക്കാന്‍ കോളജുകള്‍ക്ക് അനുമതി നല്‍കിയ സുപ്രീംകോടതി, കേസ് ഉടന്‍ തീര്‍പ്പാക്കാന്‍ ഹൈകോടതിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അഞ്ചു ലക്ഷം രൂപയില്‍നിന്ന് ഫീസ് ഉയര്‍ന്നാല്‍ വിദ്യാര്‍ഥികളെയും രക്ഷാകര്‍ത്താക്കളെയും ആശങ്കയിലാക്കും. മെറിറ്റ് ഉണ്ടായാലും ഉയര്‍ന്ന ഫീസ് കാരണം ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാന്‍ കഴിയാത്ത അവസ്ഥ വരും. കേസില്‍ വിദ്യാര്‍ഥികളും കക്ഷിചേരുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിനും തിങ്കളാഴ്ചയിലെ ഹൈകോടതി വിധി നിര്‍ണായകമാണ്. സ്വാശ്രയ പ്രവേശനം കുത്തഴിഞ്ഞതിന് പഴികേട്ട സര്‍ക്കാറിന് ഫീസ് അഞ്ചുലക്ഷത്തില്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വന്‍ തിരിച്ചടിയാകും. പെരിന്തല്‍മണ്ണ എം.ഇ.എസ്, കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജുകള്‍ നാലുതരം ഫീസ് ഘടനയില്‍ പ്രവേശനത്തിനായി ഒപ്പിട്ട കരാറിലെ ചില വ്യവസ്ഥകള്‍ ഹൈകോടതി റദ്ദ് ചെയ്തതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസും തിങ്കളാഴ്ച പരിഗണനക്ക് വരുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തെ പ്രവേശന കരാര്‍ തന്നെയാണ് ഈ വര്‍ഷവും ഇരു കോളജുകളും സര്‍ക്കാറുമായി ഒപ്പിട്ടത്. വ്യവസ്ഥകള്‍ റദ്ദാക്കിയതോടെ കരാറില്‍നിന്ന് പിന്മാറുകയാണെന്നറിയിച്ച് കോളജുകള്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. രണ്ട് കോളേജുകളിലേക്കും പ്രവേശന പരീക്ഷ കമീഷണര്‍ അലോട്ട്മന്റെ് നടത്തിയിട്ടില്ല. കരാര്‍ വ്യവസ്ഥകള്‍ പുനഃസ്ഥാസ്ഥാപിച്ചില്ലെങ്കില്‍ അഞ്ചുലക്ഷം രൂപ ഏകീകൃത ഫീസിലേക്ക് മാറാനാണ് ഈ കോളേജുകളുടെ തീരുമാനം. കെ.എം.സി.ടി, ശ്രീനാരായണ കോളജുകള്‍ക്ക് 11 ലക്ഷം രൂപ വരെ ഫീസ് ഈടാക്കാന്‍ അനുമതി നല്‍കുന്ന സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാറിന്റെ പുനഃപരിശോധന ഹരജിയും തിങ്കളാഴ്ച പരിഗണനക്ക് വന്നേക്കും. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ് ഘടന പുനഃസ്ഥാപിക്കാന്‍ വേണ്ടിയാണ് സര്‍ക്കാറിന്റെ ഹരജി. മെഡിക്കല്‍/ഡന്റെല്‍ പ്രവേശനത്തിന് മൂന്നാമത്തെ അലോട്ട്മന്റെ് അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഹരജിയും തിങ്കളാഴ്ച സുപ്രീംകോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്. മൂന്നാം അലോട്ട്മന്റെിന് അനുമതി ലഭിച്ചില്ലെങ്കില്‍ രണ്ടാം അലോട്ട്മന്റെിന് ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തേണ്ടിവരും. ആദ്യ അലോട്ട്മന്റെ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്കുവേണ്ടി മാത്രമായാണ് നടത്തിയത്. അതേസമയം, രണ്ട് കോളേജുകള്‍ക്ക് മാത്രമായി 11 ലക്ഷം രൂപ ഫീസിന് കോടതിവിധി ലഭിച്ചത് സ്വാശ്രയ മെഡിക്കല്‍ മാനേജ്മന്റെ് അസോസിയേഷനകത്ത് ഭിന്നതക്കിടയാക്കിയിട്ടുണ്ട്. അസോസിയേഷനിലെ മുഴുവന്‍ കോളജുകള്‍ക്കും വേണ്ടിയാണ് രണ്ട് കോളജുകള്‍ കോടതിയെ സമീപിച്ചിരുന്നതെന്നും മറ്റ് കോളജുകളുടെ കാര്യം ഇവര്‍ കോടതിയില്‍ ഉന്നയിച്ചില്ലെന്നുമാണ് ആക്ഷേപം. ഇതോടെ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി രണ്ട് കോളജുകള്‍ക്ക് മാത്രമായി പരിമിതപ്പെടുകയായിരുന്നുവെന്നുമാണ് ആക്ഷേപം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.