മാലെഗാവ് സ്ഫോടനക്കേസിൽ ശ്രീകാന്ത് പുരോഹിതിന് ജാമ്യം

Monday 21 August 2017 11:11 pm IST

ന്യൂദല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസില്‍ ഒന്‍പത് വര്‍ഷത്തിന് ശേഷം കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന് ജാമ്യം. എന്‍ഐഎയുടെ എതിര്‍പ്പ് തള്ളി സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. മുംബൈ ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് പുരോഹിത് സുപ്രീം കോടതിയെ സമീപിച്ചത്. 2008ലാണ് പുരോഹിത് അറസ്റ്റിലായത്. ഒന്‍പത് വര്‍ഷമായി പുരോഹിത് ജയിലിലാണെന്നും ഇതുവരെ കുറ്റം ചുമത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ചൂണ്ടിക്കാട്ടി. ഭീകരവിരുദ്ധ സ്‌ക്വാഡ് പുരോഹിതിനും മറ്റ് പത്ത് പ്രതികള്‍ക്കുമെതിരെ മക്കോക്ക (മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്) ചുമത്തിയത് പ്രത്യേക കോടതി ഒഴിവാക്കിയിരുന്നു. അതിനാല്‍ പുരോഹിതിന് ജാമ്യത്തിന് അവകാശമുണ്ടെന്നും സാല്‍വെ വാദിച്ചു. പുരോഹിതിനെതിരെ തെളിവുകളുണ്ടെന്നും കുറ്റം ചുമത്താന്‍ സാധിക്കുമെന്നും എന്‍ഐഎക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് പറഞ്ഞു. എന്നാല്‍ ഇത് തള്ളിയ ജസ്റ്റിസുമാരായ ആര്‍.കെ. അഗര്‍വാള്‍, എഎം. സപ്രെ എന്നിവരുള്‍പ്പെട്ട ബെഞ്ച് ജാമ്യം അനുവദിച്ചു. 2008 സെപ്തംബര്‍ 29ന് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. അഭിനവ് ഭാരത് എന്ന സംഘടനയാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് എന്‍ഐഎയുടെ ആരോപണം. സ്‌ഫോടനത്തിനുള്ള ആര്‍ഡിഎക്‌സ് സംഘടിപ്പിച്ചുവെന്നാണ് പുരോഹിതിനെതിരായ കുറ്റം. സാധ്വി പ്രഗ്യാ സിംഗ് താക്കൂര്‍, ദയാനന്ദ് പാണ്ഡെ എന്നിവരും പ്രതികളാണ്. പ്രഗ്യാ സിങ്ങിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. രാഷ്ട്രീയപ്രേരിതം തനിക്കെതിരായുള്ള കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പുരോഹിത് പറയുന്നു. സൈന്യത്തിന്റെ മിലിട്ടറി ഇന്റലിജന്റ്‌സിന്റെ ഭാഗമായിരുന്ന തന്നെ തീവ്ര സംഘടനകളില്‍ നുഴഞ്ഞുകയറി രഹസ്യം ചോര്‍ത്താന്‍ നിയോഗിക്കുകയായിരുന്നു. സൈന്യത്തിന്റെ ചാരനായാണ് അഭിനവ് ഭാരതില്‍ പ്രവര്‍ത്തിച്ചത്. അഭിനവ് ഭാരതുമായുള്ള തന്റെ ബന്ധവും പ്രവര്‍ത്തനങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരുന്നു. സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച തന്നെ കേസില്‍ ബലിയാടാക്കുകയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. രാജ്യത്ത് ഹിന്ദു ഭീകരതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ മലേഗാവ് ഉള്‍പ്പെടെയുള്ള സ്‌ഫോടനങ്ങള്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കെട്ടിച്ചമച്ചതാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. വര്‍ഷങ്ങളോളം ജയിലിട്ട് ഹിന്ദുവിരുദ്ധ പ്രചാരണം നടത്തിയതല്ലാതെ കുറ്റം ചുമത്താന്‍ പോലും കോണ്‍ഗ്രസ്സിന് സാധിച്ചില്ല. പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ മാറ്റിക്കൊണ്ടിരുന്നു. വര്‍ഷങ്ങളുടെ കാരാഗൃഹത്തിനൊടുവില്‍ പുരോഹിതിനും ജാമ്യം ലഭിച്ചതോടെ കോണ്‍ഗ്രസ് ഗൂഢാലോചന വീണ്ടും വെളിപ്പെടുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.