മെഡിക്കല്‍ പ്രവേശനം സര്‍ക്കാര്‍ സങ്കീര്‍ണ്ണമാക്കി: ഹൈക്കോടതി

Monday 21 August 2017 11:50 pm IST

കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സങ്കീര്‍ണ്ണമാക്കുന്നതു സര്‍ക്കാരെന്നു ഹൈക്കോടതിയുടെ വിമര്‍ശനം. സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സിനെയും ഫീസ് നിര്‍ണയ കമ്മിറ്റിയെയും ചോദ്യം ചെയ്ത് കോഴിക്കോട് കെഎംസിടി, പാലക്കാട് കരുണ, എറണാകുളം മാഞ്ഞാലി എസ്എന്‍ മെഡിക്കല്‍ കോളേജ് അടക്കമുള്ള സ്വാശ്രയ കോളേജുകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ കോടതിയുടെ വിമര്‍ശനം. വിദ്യാര്‍ത്ഥികളുടെ താത്പര്യം സംരക്ഷിക്കാന്‍ സുപ്രീം കോടതിയും ഹൈക്കോടതിയും ശ്രമിക്കുമ്പോള്‍ സര്‍ക്കാരും എന്‍ട്രന്‍സ് കമ്മീഷണറും മറ്റെന്തൊക്കെയോ നടപടികളാണ് സ്വീകരിക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞൂ. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് എന്‍ട്രന്‍സ് കമ്മീഷണറുടെ പേരിലെടുത്ത ഡിഡിയും ബാങ്ക് ഗ്യാരന്റിയും വേണമെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാല്‍, ആഗസ്റ്റ് 19ന് എന്‍ട്രന്‍സ് കമ്മീഷണര്‍ ഇറക്കിയ ഉത്തരവില്‍ ബാങ്ക് ഗ്യാരന്റി കോളേജ് മാനേജ്‌മെന്റിന്റെ പേരില്‍ വേണമെന്നു നിഷ്‌കര്‍ഷിച്ചിരുന്നു. ഇതാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനത്തിനിടയാക്കിയത്. പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് കോളേജ് മാറേണ്ടി വന്നാല്‍ ബാങ്ക് ഗ്യാരന്റി തിരിച്ചു കിട്ടാന്‍ മാനേജ്‌മെന്റുകളെ സമീപിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് എന്‍ട്രന്‍സ് കമ്മീഷണറുടെ പേരില്‍ നല്‍കാന്‍ നിര്‍ദേശിച്ചത്. ദല്‍ഹിയിലടക്കം ഈ മാതൃകയാണ് തുടരുന്നത്. എന്‍ട്രന്‍സ് കമ്മീഷണറുടെ നടപടി പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. സര്‍ക്കാരും എന്‍ട്രന്‍സ് കമ്മിഷണറും ആര്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്? നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ വ്യക്തമാക്കി. പല സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും 50-60 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് മാനേജ്‌മെന്റുകള്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. പ്രവേശന നടപടികളില്‍ വ്യക്തത വരുത്താന്‍ ഇതുവരെയുള്ള വിവിധ കോടതി വിധികളും എന്‍ട്രന്‍സ് കമ്മീഷണറുടെ വിജ്ഞാപനങ്ങളും ഹാജരാക്കാനും നിര്‍ദേശിച്ചു. ഹര്‍ജികളില്‍ ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.