ശൈലജയുടെ രാജി തേടി സഭയില്‍ സത്യഗ്രഹം

Tuesday 22 August 2017 10:00 am IST

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഹൈക്കോടതി വിമര്‍ശനം നേരിട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. സ്വാശ്രയ മെഡിക്കല്‍ ബില്‍ പ്രതിപക്ഷം കീറിയെറിഞ്ഞ് ഇറങ്ങിപ്പോയി. രാജി ആവശ്യപ്പെട്ട് അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തിനു മുന്നില്‍ സത്യഗ്രഹം ആരംഭിച്ചു. സിപിഎം വയനാട് ജില്ലാ കമ്മിറ്റി അംഗം ടി.ബി. സുരേഷിന്റെ നിയമനത്തില്‍ സ്വജനപക്ഷപാതം കാട്ടിയെന്ന് ഹൈക്കോടതി വിമര്‍ശിച്ച ആരോഗ്യമന്ത്രിക്ക് തത്സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടു. സദുദ്ദേശപരമായാണ് അംഗങ്ങളുടെ അപേക്ഷാ തീയതി നീട്ടിയതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. മന്ത്രിയുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഇത് സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ക്കെതിരാണ്. അക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി നിലപാടെടുത്തു. തുടര്‍ന്ന് അടിയന്തര പ്രമേയാവതരണത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു. സഭാ നടപടികള്‍ 45 മിനിറ്റോളം നിര്‍ത്തിവച്ചു. സഭ വീണ്ടും ചേര്‍ന്നെങ്കിലും സ്വാശ്രയ മെഡിക്കല്‍ ബില്‍ അവതരിപ്പിക്കാന്‍ ആരോഗ്യമന്ത്രി എഴുന്നേറ്റതോടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങി. ഹൈബി ഈഡന്റെ നേതൃത്വത്തില്‍ ബില്‍ സഭയ്ക്കുള്ളില്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. എന്‍. ഷംസുദ്ദീന്‍, എല്‍ദോസ് കുന്നപ്പിള്ളി, വി.പി. സജീന്ദ്രന്‍, ടി.വി. ഇബ്രാഹിം, റോജി എം. ജോണ്‍ എന്നിവര്‍ സഭാ കവാടത്തില്‍ സത്യഗ്രഹം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭവിട്ട് സഭാ കാവാടത്തില്‍ കുത്തിയിരുന്നു. രണ്ടര മണിയോടെ അഞ്ച് എംഎല്‍എമാരുടെ നേതൃത്വത്തില്‍ സത്യഗ്രഹം ആരംഭിച്ചു. 24ന് സഭാകാലയളവ് തീരുന്നതു വരെ എംഎല്‍എമാരുടെ സത്യഗ്രഹം തുടരും. മന്ത്രിക്കെതിരായ പരാമര്‍ശം നീക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മീഷനംഗങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. കമ്മീഷനിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള തീയതി നീട്ടി വീണ്ടും സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതു ചോദ്യം ചെയ്ത് കോട്ടയം സ്വദേശിനി ഡോ. ജാസ്മിന്‍ അലക്സ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് മന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. അപ്പീല്‍ ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.