ഒവൈസിയെ തകർത്ത് തെലങ്കാന പിടിക്കാൻ ബിജെപി

Monday 21 August 2017 5:03 pm IST

ഹൈദരാബാദ്: വരാൻ പോകുന്ന ലോക്‌സഭാ, നിയമ സഭാ തെരഞ്ഞെടുപ്പുകളിൽ തെലങ്കാന സംസ്ഥാനത്തെ ലക്ഷ്യമിട്ട് ബിജെപി പദ്ധതികൾ മെനയുന്നു. ഹൈദരാബാദിലെ പ്രധാന വെല്ലുവിളിയായ അസാദുദ്ദീൻ ഒവൈസിയെ തകർക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ കളത്തിൽ ഇറങ്ങുന്നത്. 'മിഷൻ 2019' എന്ന് പേരിട്ടിരിക്കുന്ന ബിജെപിയുടെ പദ്ധതിയിൽ തെലങ്കാന സംസ്ഥാനത്തിലെ പരമാവധി സീറ്റുകളും നേടിയെടുക്കണമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. ഈ പദ്ധതിയുടെ ഭാഗമായി 'മിഷൻ 80' എന്ന പേരിൽ തെലങ്കാന സംസ്ഥാനത്തിന് മാത്രമായി ചില പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 119 നിയമസഭാ സീറ്റുകളിൽ 80 സീറ്റുകൾ നേടണമെന്നതാണ് മിഷനിലെ പ്രധാന ദൗത്യം. ഇതിന് പുറമെ ലോക്സഭാ സീറ്റുകളിൽ 17 എണ്ണത്തിൽ 15 എണ്ണവും നേടാനുള്ള പദ്ധതികളും ബിജെപിയുടെ തെരഞ്ഞെടുപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് തെലങ്കാനയുടെ ബിജെപി വക്താവ് കൃഷ്ണ സാഗർ റാവു പറഞ്ഞു. ഹൈദരാബാദിൽ തങ്ങളുടെ പ്രധാന എതിരാളി അസാദുദ്ദീൻ ഒവൈസിയാണ്, മൂന്ന് തവണ ഹൈദരാബാദ് എംപിയായ ഒവൈസിയെ പരാജയപ്പെടുത്തുക എന്നതും തങ്ങളുടെ പ്രധാന ദൗത്യങ്ങളിലൊന്നാണ്- റാവു പറഞ്ഞു. ഒവാസിയുടെ ദുർ ഭരണത്തിനെതിരെ ജനങ്ങളെ ഒന്നിപ്പിക്കുമെന്നും റാവു വ്യക്തമാക്കി. ഉത്തർപ്രദേശിൽ മുസ്ലീം വോട്ടുകൾ നേടിയെടുത്തത് പോലെ ഹൈദരാബാദിലും മുസ്ലീം ജനതയുടെ വിശ്വാസം നേടി ബിജെപി കൂറ്റൻ വിജയം കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.