ശുഭ ലയനം: പനീര്‍സെല്‍വം ഉപമുഖ്യമന്ത്രി; ശശികല പാര്‍ട്ടിക്ക് പുറത്ത്

Monday 21 August 2017 11:57 pm IST

ചെന്നൈ: ആറു മാസത്തെ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ അണ്ണാഡിഎംകെയിലെ ഇരു വിഭാഗങ്ങളും ലയിച്ചു. മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമി തുടരും. ഉപമുഖ്യമന്ത്രിയായി ഒ. പനീര്‍സെല്‍വം ചുമതലയേറ്റു. ധനകാര്യ വകുപ്പും ഇദ്ദേഹം കൈകാര്യം ചെയ്യും. എഐഎഡിഎംകെ എന്‍ഡിഎയില്‍ ചേരുമെന്നാണ് സൂചന. പാര്‍ട്ടിയെ നയിക്കാന്‍ രൂപീകരിച്ച പതിനഞ്ചംഗ ഉന്നതാധികാര സമിതിയുടെ അധ്യക്ഷനായി പനീര്‍സെല്‍വത്തെ നിയോഗിച്ചു. മുന്‍ മുഖ്യമന്ത്രിയുടെ തോഴി എന്ന അവകാശത്തോടെ പാര്‍ട്ടി പിടിച്ചെടുക്കാന്‍ ശ്രമിച്ച വി.കെ. ശശികലയെ പുറത്താക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. മുന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം മുന്നോട്ടുവെച്ച പ്രധാന ആവശ്യം ഇതായിരുന്നു. ശശികലയുടെ മരുമകനും പാര്‍ട്ടി മുന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്ന ടി.ടി.വി. ദിനകരനെ പുറത്താക്കുക, മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിക്കുക, ജയലളിതയുടെ വീടായ വേദനിലയം സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പളനിസ്വാമി നേരത്തേ അംഗീകരിച്ച്, അതിനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. ഇന്നലെ ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ലയനം. ''ആര്‍ക്കും ഞങ്ങളെ പിരിക്കാന്‍ കഴിയില്ല. ഞങ്ങള്‍ എല്ലാം ഒരേ അമ്മയുടെ മക്കളാണ്'' ലയന ശേഷം പനീര്‍സെല്‍വം പറഞ്ഞു. ശശികലയെ പുറത്താക്കാന്‍ നടപടിയെടുത്തെങ്കിലും അടുത്ത പാര്‍ട്ടി ജനറല്‍ കൗണ്‍സിലിനേ അതിന് കഴിയൂ. പുതുതായി രൂപീകരിച്ച പതിനഞ്ചംഗ സമിതിയാണ് ഇനി പാര്‍ട്ടിയെ നയിക്കുക. പനീര്‍സെല്‍വമാണ് അധ്യക്ഷന്‍. കെ.പി. മുനിസ്വാമിയും വൈദ്യലിംഗവും ഉപാദ്ധ്യക്ഷന്മാര്‍. അതിനിടെ ദിനകരന്റെ കൂടെ നില്‍ക്കുന്ന എംഎല്‍എമാര്‍ പാര്‍ട്ടിക്ക് വലിയ തലവേദനയുണ്ടാക്കുന്നു. 20 എംഎല്‍എമാര്‍ ഇന്നലെ ദിനകരനെ സന്ദര്‍ശിച്ചു. ഇവര്‍ ദിനകരനൊപ്പം നിന്നാല്‍ സര്‍ക്കാരിന് ഭീഷണിയാകും. എഐഎഡിഎംകെക്ക് ഇപ്പോള്‍ 134 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ഭൂരിപക്ഷത്തിന് 117 എംഎല്‍എമാര്‍ പിന്തുണയ്ക്കണം. 20 പേരും ദിനകരനൊപ്പമുണ്ടോയെന്നു വ്യക്തമല്ല. ജയലളിതയുടെ മരണശേഷം ഫെബ്രുവരിയില്‍, ശശികല പാര്‍ട്ടി കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിച്ചതോടെയാണ് എഐഎഡിഎംകെയില്‍ ഭിന്നിപ്പുണ്ടായത്. ശശികലയെ എതിര്‍ത്ത പനീര്‍സെല്‍വത്തിന് മുഖ്യമന്ത്രി പദം നഷ്ടമായി. പളനിസ്വാമിയെ ശശികല മുഖ്യമന്ത്രിയാക്കി, പക്ഷെ, അഴിമതിക്കേസില്‍ ജയിലിലായ ശശികലയ്ക്ക് ക്രമണേ പാര്‍ട്ടി എംഎല്‍എമാരിലുള്ള പിടി അയഞ്ഞു. ഏപ്രിലോടെ പളനി സ്വാമിയും കൂട്ടരും ശശികലയെയും ദിനകരനെയും തഴഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.