നാടന്‍ വിഭവങ്ങള്‍ക്ക് വിപണിയൊരുക്കി കാര്‍ഷിക ഉത്പന്ന മേള തുടങ്ങി

Monday 21 August 2017 6:22 pm IST

കണ്ണൂര്‍: ജില്ലയില്‍ തദ്ദേശമായി ഉത്പാദിപ്പിക്കുന്ന വിഭവങ്ങളുമായി കലക്‌ട്രേറ്റ് മൈതാനിയില്‍ കാര്‍ഷിക പരമ്പരാഗ വ്യാവസായിക ഉത്പന്ന പ്രദര്‍ശന വിപണനമേള ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. നാടന്‍ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചുള്ള സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം. ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍, വനിതാ ചെറുകിട വ്യവസായ യൂണിറ്റുകള്‍ തുടങ്ങിയവ ഒരുക്കുന്ന വൈവിധ്യ ഉത്പന്നങ്ങളുമായി 125 സ്റ്റാളുകളാണ് മേളയിലുള്ളത്. വര്‍ഷങ്ങളായി ആഘോഷ വേളകളില്‍ തുടര്‍ച്ചയായി നടത്താറുള്ള മേളയായത് കൊണ്ട് തന്നെ ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യത മേളയ്ക്കുണ്ട്. കുടുംബശ്രീ സംരംഭകര്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്ന പലഹാരങ്ങള്‍, കുഞ്ഞുടുപ്പുകള്‍ എന്നിവയ്ക്ക് പുറമെ സിദ്ധ -ആയൂര്‍വേദ മരുന്നുകള്‍, കരകൗശല വസ്തുക്കള്‍, വിവിധതരം കത്തികള്‍, എന്നിവ മേളയിലുണ്ട്. ഓണത്തോടനുബന്ധിച്ച് നാടന്‍ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന് ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി.ടി.റംല, ജില്ലാപഞ്ചായത്ത് അംഗങ്ങളായ തോമസ് വര്‍ഗീസ്, അന്‍സാരി തില്ലങ്കേരി, കെഎസ്എസ്‌ഐഎ വൈസ് പ്രസിഡന്റ് ഒ.മൂസാന്‍കുട്ടി, ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സെക്രട്ടറി ബി.പി.റൗഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സി.രമേശന്‍, ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് കെ.വി.സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സപ്തംബര്‍ 3 വരെ മേളയില്‍ ഉത്പന്നങ്ങള്‍ ലഭ്യമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.