ശ്രീകര്‍പ്പക വിനായക ക്ഷേത്രം പിള്ളയാര്‍പട്ടി

Tuesday 22 August 2017 9:37 am IST

  തമിഴ്‌നാട്ടിലെ പേരുകേട്ട വാണിജ്യനഗരമായ കാരൈക്കുടിക്ക് അടുത്താണ് പിള്ളയാര്‍പട്ടി. ശിവഗംഗ ജില്ലയിലാണിത്. പിള്ളയാര്‍പട്ടി എന്ന സ്ഥലം അറിയപ്പെടുന്നതുതന്നെ വിഘ്‌നേശ്വനുമായി ബന്ധപ്പെട്ടത്രെ. തമിഴില്‍ ഗണപതി ഭഗവാന്‍ പിള്ളയാര്‍ ആണ്. ഒരു ഗുഹാക്ഷേത്രത്തിന്റെ തോന്നലുളവാക്കുന്ന, പാറക്കെട് തുരന്നു നിര്‍മിച്ചതാണ് അതിപുരാതനമായ ഈ ക്ഷേത്രം. ഉള്ളിലെ പ്രാകാരത്തിലാണ് ഗണപതി ഭഗവാന്‍. രണ്ടു കൈകളോടുകൂടിയ ഗണപതിവിഗ്രഹം ലോകത്തു തന്നെ അത്യപൂര്‍വമാണ്. അങ്ങനെ ലോകത്തില്‍ രണ്ട് വിഗ്രഹങ്ങള്‍ ഉള്ളതില്‍ ഒന്നത്രെ ഇത്. ആറടി ഉയരവും സുമാര്‍ അഞ്ച് അടിയോളം വീതിയുമുള്ള മൂര്‍ത്തിയാണ്.നാലു കൈകളുള്ളതില്‍ ഇടതുഭാഗത്തെ ഒരു കൈ ഉദരഭാഗത്ത് വിശ്രമിക്കുന്ന വിധത്തിലാണ.് വലതുകൈകളില്‍ ഒന്നില്‍ ശിവലിംഗമുണ്ട്. സമ്പത്തിന്റെ അധിദേവനായ കുബേരന്റെ സ്ഥാനമായ വടക്കുഭാഗത്തേക്ക് അഭിമുഖമായാണ് വിനായക പ്രതിഷ്ഠ. നിത്യവും നാല് അഭിഷേകം പതിവാണ്. രാവിലെ 6 തൊട്ട് 6.30 വരെ തിരുവാണ്ടാള്‍ അഭിഷേകം. രാവിലെ 8.30 തൊട്ട് 9.30 വരെ കാലശാന്തി അഭിഷേകം. ഉച്ചൈക്കാല അഭിഷേകം 11.30 തൊട്ട് 12 മണിവരെ. മാലൈശാന്തി പൂജ വൈകിട്ട് 5.30 തൊട്ട് 6.30 വരെ. ഇരവുശാന്തി അഥവാ അര്‍ദ്ധയാമ പൂജ രാത്രി 8 തൊട്ട് 8.30 വരെ. എല്ലാ മാസവും ചതുര്‍ത്ഥിനാളുകളില്‍ മൂഷികവാഹനത്തില്‍ ഗണേശഭഗവാനെ ക്ഷേത്രത്തിനു ചുറ്റും എഴുന്നള്ളിക്കും. വിവാഹം, സന്താലബ്ധി, വിദ്യാഭാഗ്യം എന്നിവയാണ് ദര്‍ശനഫലം. വഴിപാടായി അഭിഷേകം നടത്താം, വസ്ത്രം സമര്‍പ്പിക്കാം. സമാനതകളില്ലാത്ത നായകനത്രെ വിനായകന്‍ കല്‍പകവൃക്ഷത്തിനു തുല്യമായി അനുഗ്രഹം വര്‍ഷിക്കുന്നതുകൊണ്ടാണ്, ഭക്തരുടെ ആഗ്രഹങ്ങള്‍ അതിവേഗം നിറവേറ്റുന്നതുകൊണ്ടാണ് ഇവിടുത്തെ വിഘ്‌നേശ്വരനെ കര്‍പ്പക വിനായകന്‍ എന്ന് പറയുന്നത്. രണ്ടു കൈകളുള്ള വിനായക ഭഗവാന്റെ തുമ്പിക്കൈ വലത്തോട്ട് വളച്ച് ഇരിക്കുന്നതുകൊണ്ട് വലംപിരി ഗണപതിയാണ്. ഗുഹക്കുള്ളില്‍ പാറയില്‍ കൊത്തിവച്ച ആറ് അടി ഉയരമുള്ള വിഗ്രഹം അഭിഷേക വേളകളില്‍ കാണാന്‍ കൗതുകമേറും. പശ്ചാത്തലത്തിലെ മല ക്ഷേത്രത്തിന് കൂടുതല്‍ മനോഹാരിത നല്‍കുന്നു. ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും ദേവനാണ് വിനായകന്‍. അങ്കുശപാശമില്ലാതെ കാലുകള്‍ മടക്കിയാണ് ഇരിക്കുന്നതെങ്കിലും കുംഭ (വീര്‍ത്തുനില്‍ക്കുന്ന വയറ്) ആസനത്തില്‍ തൊടുന്നില്ല-ഏതാണ്ട് അര്‍ദ്ധപത്മാസനത്തിലെന്നപോലെ. യോഗവിനായകനായതുകൊണ്ട് ഭക്തര്‍ക്ക് ജീവിതവിജയവും മറ്റെല്ലാ സൗഭാഗ്യങ്ങളും കനിഞ്ഞുനല്‍കുന്നു. ശിവന്റെയും ലിംഗോദ്ഭവരുടെയും കല്ലില്‍ കൊത്തിയെടുത്ത വിഗ്രഹങ്ങളും കാണാം. പശുപതീശ്വരന്റെ വിഗ്രഹവുമുണ്ട്. ഒരു പശു, ശിവന് നിവേദ്യമായി പാല്‍ അര്‍പ്പിക്കുന്ന രീതിയില്‍. അഞ്ചുതലയുള്ള നാഗപ്രതിഷ്ഠയുടെ കഴുത്തുഭാഗത്തായി ഒരു ശിവലിംഗം അണിഞ്ഞതുകാണാം. പഞ്ചശിരസ്സ് പഞ്ചേന്ദ്രിയങ്ങളെ പ്രതിനിധാനം ചെയ്യുന്നു, ലിംഗം ഭഗവാന്‍ തന്നെ. ഇവിടെത്തന്നെ ലക്ഷ്മീദേവിയും സരസ്വതീദേവിയും ദുര്‍ഗാദേവിയും ഒരുമിച്ചുണ്ട്. തിരുവീശര്‍, മരുധീശര്‍, ചെഞ്ചധേശ്വരര്‍ എന്നീ പ്രതിഷ്ഠകള്‍ ലിംഗരൂപത്തില്‍ മൂന്നായി ഉണ്ട്, തൊട്ടടുത്തുതന്നെ ശിവകാമി അമ്മന്‍, വടമലര്‍ മങ്കൈ അമ്മന്‍, സൗന്ദരനായക അമ്മന്‍ എന്നിവരും ഒരേ സന്നിധിയില്‍ ഭക്തര്‍ക്ക് അനുഗ്രഹം അരുളുന്നു. വിവാഹം വൈകുന്ന യുവതികള്‍ ഇവിടെയെത്തി കാര്‍ത്ത്യായനീ ദേവിയെ ഭജിച്ചാല്‍ ദോഷങ്ങളെല്ലാമകന്ന് മാംഗല്യയോഗം ഉണ്ടാകുമെന്നാണ് വിശ്വാസം. നാഗലിംഗത്തെ ഉപാസിക്കുന്നവര്‍ക്ക് സന്താനയോഗമുണ്ടാകുന്നു. പശുപതീശ്വരന്‍ സമ്പത്ത് നല്‍കുന്നു. കുബേരന്‍ സമ്പത്തിന്റെ അധിപനാണല്ലൊ. വിനായക ചതുര്‍ത്ഥി ആഘോഷം ഇവിടെ വളരെ പ്രധാനമാണ്. കൊടിയേറ്റും കാപ്പുകെട്ടലുമായി പത്തുദിവസത്തെ ഉത്സവവുമുണ്ട്. ഒമ്പതാം ദിവസമാണ് രഥോത്സവം, അന്ന് ഭഗവാനെ ചന്ദനക്കാപ്പ് അണിയിക്കും. ഉത്സവദിവസങ്ങളില്‍ ഓരോ ദിവസവും ഓരോ വാഹനത്തിലാണ് എഴുന്നള്ളിപ്പ്. ക്ഷേത്രത്തിനുള്ളില്‍ പതിനഞ്ചിലധികം ശിലാലിഖിതങ്ങളുണ്ട്, അതിപുരാതനങ്ങളാണിവ. രണ്ടു രാജഗോപുരങ്ങളും ഒരു തീര്‍ത്ഥക്കുളവുമാണ് ഇവിടെയുള്ളത്. കല്‍പ്പക വിനായകന്‍ കര്‍പ്പക വിനായകനായതാണ്. പുഷ്പാഞ്ജലി, അഭിഷേകം എന്നിവയാണ് പ്രധാന വഴിപാടുകള്‍. അഭിഷേകം മുന്‍കൂട്ടി ബുക്ക് ചെയ്യണം. പുതുക്കോട്ടയ്ക്കും കാരൈക്കുടിക്കും ഇടയില്‍ കാരൈക്കുടിയില്‍നിന്ന് മൂന്നുകിലോമീറ്റര്‍ അകലെയാണ് പിള്ളയാര്‍പട്ടി, തിരുപ്പത്തൂരിനടുത്താണിത്. തിരുപ്പത്തൂരില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ. പിള്ളയാര്‍പട്ടിയില്‍നിന്ന് മധുരയിലേക്ക് 64 കിലോമീറ്റര്‍, തിരുച്ചിറപ്പള്ളിയിലേക്ക് 78 കി.മീ. രാവിലെ ആറുമണിതൊട്ട് ഒരു മണിവരെയും വൈകിട്ട് 4 തൊട്ട് 8.30 വരെയും നട തുറന്നിരിക്കും. നവംബര്‍ തൊട്ട് ജനുവരി 20 വരെ (മണ്ഡലകാലത്തും), തൈപ്പൂയം ഉത്സവകാലത്തും രാവിലെ 6 ന് നട തുറന്നാല്‍ രാത്രി 8.30 വരെ അടയ്ക്കുകയില്ല. മധുര- മേലൂര്‍-തിരുപ്പത്തൂര്‍ വഴി പിള്ളയാര്‍പെട്ടിയിലെത്താം. കാരൈക്കുടിയിലും ശിവഗംഗയിലും റെയില്‍വേ സ്റ്റേഷന്‍ സൗകര്യമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.