അമൃത്

Monday 21 August 2017 8:07 pm IST

ശാസ്ത്രീയ നാമം: ടൈസോസ്‌പോറ കോര്‍ഡിഫോളിയ തമിഴ്: പരിവൈ, അമൃത് സംസ്‌കൃതം: ഗുളുചി, പ്രിയ, മധുപര്‍ണി എവിടെ കാണുന്നു: ഉഷ്ണകാലാവസ്ഥയുളള എല്ലാ ഭാഗത്തും വനങ്ങളിലും ഇതു വളരുന്നു. നാട്ടിന്‍ പുറങ്ങളില്‍ വേലിപ്പടര്‍പ്പില്‍ പടര്‍ന്നു കയറുന്ന ഒരു വളളിയായി കാണാം. മരങ്ങളില്‍ ചുറ്റിക്കയറി വേരുകള്‍ താഴോട്ടു തൂങ്ങി മണ്ണില്‍ മുട്ടി നില്‍ക്കുന്നതായും കാണാം. പുനരുല്‍പാദനം: അമൃതിന്റെ തണ്ട് മുറിച്ച് ഒരു മരത്തിന്റെ മുകളില്‍ വച്ചാല്‍ ആദ്യം അതില്‍ നിന്നും വേരുളളത് താഴോട്ടു വന്ന് മണ്ണില്‍ പതിച്ച് ഇല ആഗിരണം ചെയ്ത് വലുതാകുന്നു. ഒരു കഷ്ണം തണ്ട് വെറുതെ മണ്ണിലിട്ടാലും കിളിര്‍ത്ത് വളര്‍ന്നുകൊളളും. ഉപയോഗിക്കുന്ന ഭാഗങ്ങള്‍: തണ്ട്, ഇല ചില ഔഷധകൂട്ടുകള്‍: 1) രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടിയാല്‍ അമൃതിന്റെ തണ്ടിലെ കരിംതൊലി കളഞ്ഞശേഷം ഇടിച്ച് പിഴിഞ്ഞെടുത്ത നീര് 20 മില്ലി, പച്ച മഞ്ഞള്‍ ഇടിച്ചു പിഴിഞ്ഞ നീര് 20 മില്ലി, പച്ച നെല്ലിക്ക ഇടിച്ചു പിഴിഞ്ഞ നീര് 20 മില്ലി, ഇതില്‍ മൂന്ന് പച്ച കിരിയാത്തിലയും മൂന്നു തഴുതാമത്തളിരും അരളും ചേര്‍ത്ത് ദിവസം രണ്ടുനേരം കുടിക്കുന്നത് വളരെ നല്ലതാണ്. 2) അമൃതിന്റെ നൂറ് (വളളി ഇടിച്ചു പിഴിഞ്ഞ് എടുത്ത് മൂന്നിരട്ടി ശുദ്ധജലം ചേര്‍ത്ത് മണ്‍ കലത്തില്‍ തെളിയൂറാന്‍ വെച്ച് 12 മണിക്കൂര്‍ കഴിഞ്ഞ് തെളിയൂറ്റി കലത്തിന്റെ അടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന നൂറ് കലക്കിയെടുത്ത് പരന്ന പാത്രത്തില്‍ വെയിലത്തുണക്കിയാല്‍ ഒരു വെളുത്ത പൊടികിട്ടും. ഇത് അമൃതിന്റെ നൂറാണ്. മാര്‍ക്കറ്റില്‍ കിട്ടുന്നത് എന്താണെന്നറിയില്ല). ഇങ്ങനെ നിര്‍മ്മിച്ച നൂറ് 58 മില്ലിഗ്രാം വീതം നറുനെയ്യില്‍ ദിവസം രണ്ടു നേരം കഴിക്കുന്നത് മനുഷ്യന് സര്‍വ്വരോഗങ്ങളില്‍ നിന്നും മുക്തിയും ആയുസ്സും ഓജസ്സും ബലവും കൂട്ടും. വൃക്ക രോഗികള്‍ അമൃതിന്റെ നീര് 20 മില്ലി വീതം ദിവസേന കഴിക്കുന്നത് മുഖത്തേയും കാല്‍പാദങ്ങളിലേയും നീരു കുറയ്ക്കുവാനും രോഗശമനത്തിനും കാരണമാകും. വാതരോഗങ്ങളിലും ചക്ഷുരോഗങ്ങളിലും അമൃത് ഒഴിച്ചു കൂട്ടാനാവാത്ത ഒന്നാണ്.