കുലീന സാഹിത്യത്തിന്റെ വിവേകസ്വരൂപം

Monday 21 August 2017 8:11 pm IST

 

പ്രൊഫ. എസ്. ഗുപ്തന്‍നായര്‍

‘വിവേകാനന്ദസൂക്തങ്ങള്‍’ എനിക്കൊരുപാട് സുഹൃത്തുക്കളെ തന്നു. വിലപ്പെട്ട കുറെ സ്മരണകളും (മനസാസ്മരാമി 173)
വിവേകാനന്ദ സാഹിത്യസര്‍വ്വസ്വത്തില്‍നിന്നും തെരഞ്ഞെടുത്ത ഉദ്ധരണികള്‍ ”വിവേകാനന്ദ സൂക്തങ്ങള്‍” എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കൊച്ചു പുസ്തകത്തിന്റെ അവതാരികയില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. ”ഇംഗ്ലീഷ് മൂലത്തിലെന്നപോലെ ഉജ്ജ്വല ഭാഷയില്‍ത്തന്നെ, മലയാളത്തിലേക്ക് ഈ സൂക്തങ്ങളെ പരിഭാഷപ്പെടുത്തിത്തന്നെ പ്രൊഫ. ഗുപ്തന്‍നായരോട് അകമഴിഞ്ഞ കൃതജ്ഞത സസന്തോഷം രേഖപ്പെടുത്തട്ടെ” വിവേകാനന്ദ സൂക്തങ്ങളുടെ ലക്ഷക്കണക്കിന് കോപ്പികള്‍ ചിലവഴിക്കപ്പെട്ടു എന്നതില്‍ നിന്നുതന്നെ ഈ കൊച്ചു പുസ്തകത്തിന് ലഭിച്ച അംഗീകാരം മനസ്സിലാക്കാവുന്നതേയുള്ളൂ.

വിവേകാനന്ദവാണികള്‍ വിതറിയ അഗ്നി ഏറ്റുവാങ്ങിയ ആത്മാക്കളില്‍ വീര്യവും അഭയവും ആളിക്കത്തും. ആ കരുത്തിന്റെ കുറേ കനല്‍പ്പൊരികളാണ് വിവേകാനന്ദ സുക്തങ്ങളായി സമാഹരിച്ചിട്ടുള്ളത്. മഹാഭാരതംപോലെ വിശാലമായ വിവേകാനന്ദസാഹിത്യത്തിലേക്ക് സാധാരണക്കാരന് കടക്കുവാനുള്ള പ്രവേശന കവാടമാണ് വിവേകാനന്ദ സൂക്തങ്ങള്‍. വിവേകാനന്ദസാഹിത്യത്തിന്റെ സര്‍വാതിശായിയായ മഹിമയെക്കുറിച്ച് പ്രൊഫ. ഗുപ്തന്‍നായര്‍ ഇപ്രകാരം പ്രസ്താവിക്കുന്നു. ”ഭാവിയിലെ കലയുടെ നിലനില്‍പ് ഉദാത്തമായ മതവീക്ഷണത്തെ ഉള്‍ക്കൊള്ളുന്ന വികാരങ്ങളെ സംക്രമിപ്പിക്കുന്നതിലാണ്” എന്നതാണ് ടോള്‍സ്റ്റോയ് അഭിപ്രായപ്പെട്ടിരിക്കുന്നത്. (കല എന്ത്) വിശ്വസാഹിത്യത്തിന്റെ മറുകര കണ്ട ടോള്‍സ്റ്റോയിയെപോലുള്ള മഹാരഥന്മാരുടെ കലാസാഹിത്യ നിര്‍വചനങ്ങളെ ഇത്രമേല്‍ അന്വര്‍ത്ഥമാക്കുന്ന വിവേകാനന്ദസാഹിത്യത്തെപോലുള്ള കൃതികള്‍ ആധുനിക ഭാരതീയ സാഹിത്യത്തില്‍ കണ്ടെത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.

മനുഷ്യനെ സംബന്ധിക്കുന്ന സകല പ്രശ്‌നങ്ങളിലും സജീവ താല്‍പര്യമുള്ള ആളാണ് സാഹിത്യകാരനെങ്കില്‍ വിവേകാനന്ദസ്വാമികള്‍ മഹോന്നത സാഹിത്യകാരന്‍ തന്നെ. മനുഷ്യനെ കുറേക്കൂടി വലിയ മനുഷ്യനാക്കാന്‍, ഹൃദയങ്ങളെ കുറെക്കൂടി ശുദ്ധീകരിക്കാന്‍, മനുഷ്യനെ ദേവാംശമാക്കാന്‍, ആണ് യഥാര്‍ത്ഥ സാഹിത്യം ശ്രമിക്കുന്നത് അഥവാ ശ്രമിക്കേണ്ടതും. (വിവേകാനന്ദ ശതകപ്രശസ്തി). തന്റെ സാഹിത്യജീവിതം രൂപപ്പെടുത്തുന്നതില്‍ ശ്രീരാമകൃഷ്ണ-വിവേകാനന്ദ സാഹിത്യത്തിനുള്ള പങ്കിനെക്കുറിച്ച് ഗുപ്തന്‍നായര്‍ തന്റെ ആത്മകഥയില്‍ നിര്‍ലോഭം രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം എഴുതുന്നു. ”അവസാനത്തെ വാല്യം പുറത്തിറങ്ങുന്നതിനുമുമ്പ് ത്രൈലോക്യാനന്ദസ്വാമികള്‍ സന്നിപാതജ്വരത്താല്‍ കിടപ്പിലായി.

പെട്ടെന്നു മരണവും സംഭവിച്ചു. ജന്മകൃത്യം സാധിച്ചശേഷം സംസാരം വെടിയുക! അത്യത്ഭുതം.
വിവേകാനന്ദസാഹിത്യത്തിന്റെ ശ്രീകോവിലിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത് ത്രൈലോക്യാനന്ദസ്വാമികളാണ്. ഗുപ്തന്‍നായരെയും കുട്ടികൃഷ്ണമാരാരെയും മാത്രമല്ല, അക്കാലത്ത് ജീവിച്ചിരുന്ന മലയാളത്തിലെ പ്രസിദ്ധരായ സാഹിത്യനായകന്മാരെയെല്ലാം ശ്രീരാമകൃഷ്ണ-വിവേകാനന്ദ സാഹിത്യവുമായി സമ്പര്‍ക്കത്തിലാക്കുവാന്‍ അഹോരാത്രം യത്‌നിച്ച സന്യാസിയായിരുന്നു ത്രൈലോക്യാനന്ദസ്വാമികള്‍. സ്വാമികളുമായുള്ള ബന്ധത്തെകുറിച്ചുള്ള സ്മരണകള്‍ ഗുപ്തന്‍നായര്‍, വിവേകാനന്ദ സൂക്തങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നത് ഇപ്രകാരമാണ്. ”അകാലത്തില്‍ അന്തരിച്ച ത്രൈലോക്യാനന്ദസ്വാമികളെ അടുത്തുപരിചയപ്പെട്ടതും അദ്ദേഹത്തിന്റെ പ്രേരണയില്‍ വിവേകാനന്ദസൂക്തങ്ങള്‍ വിവര്‍ത്തനം ചെയ്തതും ഇക്കാലത്താണ്. എറണാകുളത്തെത്തിയ അദ്ദേഹം മുഖവുര കൂടാതെ പറഞ്ഞു. 1963 വിവേകാനന്ദസ്വാമികളുടെ ശതാബ്ദി വര്‍ഷമാണല്ലോ. സ്വാമിജിയുടെ സമ്പൂര്‍ണകൃതികള്‍ അതിനകം നമുക്ക് മലയാളത്തില്‍ കൊണ്ടുവരണം. എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഗുപ്തന്‍നായരും വേണം. വിവേകാനന്ദ സ്വാമികളുടെ ഉദ്‌ബോധനങ്ങളില്‍ പ്രധാനപ്പെട്ടവ ഒരു പോക്കറ്റ് ഗ്രന്ഥമായി പ്രസിദ്ധപ്പെടുത്താനും ശ്രീരാമകൃഷ്ണാശ്രമം ആഗ്രഹിക്കുന്നു.

ഇംഗ്ലീഷില്‍ തയ്യാറാക്കിയ Thus Speak Vivekanada എന്ന പുസ്തകത്തിന്റെ ഒരു കോപ്പിയും സ്വാമി എനിക്കു തന്നു. ” ആദ്യമായി നമുക്കൊരു പേര്‍ കണ്ടെത്തണം” സ്വാമി പറഞ്ഞു. പെട്ടെന്നാണ് ഒരു ശീര്‍ഷകം എന്റെ മനസ്സില്‍ തെളിഞ്ഞത്. വിവേകാനന്ദ സൂക്തങ്ങള്‍ ഞാന്‍ പേര്‍ പറഞ്ഞു. നല്ല പേര് അതുമതി. സ്വാമിയും സമ്മതിച്ചു. നക്ഷത്രങ്ങളുടെ കാന്തിയും ഇടിമിന്നലിന്റെ ശക്തിയുമുള്ള വിവേകാനന്ദവാണികള്‍, അദൃശ്യമായ ഒരാജ്ഞയ്ക്ക് വഴങ്ങിക്കൊണ്ട് ഞാന്‍ പരിഭാഷപ്പെടുത്തുവാന്‍ തുടങ്ങി.

വേദാന്തചിന്തയുടെ സുവര്‍ണ്ണ കൂടീരത്തിലേക്കുള്ള പ്രവേശന കവാടമാണ് വിവേകാനന്ദ സൂക്തങ്ങള്‍. ഒരു മഹാസംഭവമായാണ് ഇതിനെ പരിഭാഷകര്‍ തിരിച്ചറിഞ്ഞത്. പൊട്ടിച്ചിതറുന്ന ഉല്‍ക്കപോലെ വിവേകാനന്ദ വൈഖരിയുടെ പ്രകാശത്തിന് ഭംഗം വരുത്താതെ പരിഭാഷപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിനുകാരണം ശ്രീരാമകൃഷ്ണദേവന്റെ അനുഗ്രഹമാണ്. വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തിന്റെ പരിഭാഷയിലും എഡിറ്റിംഗിലും പങ്കെടുക്കാന്‍ പിന്നീട് നിയോഗം ഉണ്ടായി. തന്റെ ആത്മകഥയില്‍ ഗുപ്തന്‍നായര്‍, ശ്രീരാമകൃഷ്ണ- വിവേകാനന്ദ സാഹിത്യത്തോടുള്ള ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിലെ തപോസ്വാദ്ധ്യായനിരതന്മാരുമായുള്ള സന്ന്യാസി ശ്രേഷ്ഠന്മാരോടുള്ള ആദരവ് കലവറയില്ലാതെ ചൊരിയുന്നുണ്ട്.

ജീവിതാന്ത്യത്തില്‍ പ്രൊഫ. ഗുപ്തന്‍നായര്‍, തന്റെ ആദര്‍ശജീവിതത്തെ രൂപപ്പെടുത്താന്‍ സഹായകമായ പ്രസ്ഥാനത്തിന്റെ തലസ്ഥാനനഗരിയിലെ ശാഖയില്‍ ചെന്നു. അവിടത്തെ ഉന്നതാധികാരി അദ്ദേഹത്തോട് ചോദിച്ചു, ‘ആരാ…. എന്തുവേണം? ഡയറിയില്‍ പേരും മേല്‍വിലാസവും എഴുതിവച്ച് പൊയ്‌ക്കൊള്ളൂ.’ കുലീന സാഹിത്യത്തിന്റെ ആ വിവേകസ്വരൂപം അക്ഷോഭ്യനായി ആ പടികള്‍ ഇറങ്ങിപ്പോന്നു. അതെ, ഇതൊരു പടിയിറക്കമാണ്. മഹാരഥന്മാര്‍ ഇരുന്ന മഹാപ്രസ്ഥാനത്തിന്റെ പടിയിറക്കം. പ്രസ്തുത പ്രസ്ഥാനത്തിന്റെ കൊടിയേറ്റനാളുകളില്‍ മലയാള സാഹിത്യലോകത്ത് തനതായ ശൈലിയിലൂടെ സവിശേഷ സാന്നിദ്ധ്യം അലങ്കരിച്ച പ്രതിഭാധനനായിരുന്നു പ്രൊഫ. എസ്. ഗുപ്തന്‍നായര്‍. അദ്ദേഹത്തിന്റെ 98-ാം ജന്മദിനമാണ് ഇന്ന്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.