മമതയുടെ മനംമാറ്റം

Monday 21 August 2017 8:47 pm IST

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെപ്പോലെ, ഒടുവില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ബോധോദയമുണ്ടായിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തനിക്ക് എതിര്‍പ്പൊന്നുമില്ലെന്നും, ബിജെപിയോടും ആ പാര്‍ട്ടിയുടെ ദേശീയാധ്യക്ഷന്‍ അമിത്ഷായോടുമാണ് എതിര്‍പ്പെന്നുമാണ് ബംഗാളിലെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമത പറഞ്ഞത്. താന്‍ മോദിയെ പിന്തുണയ്ക്കുന്നു, ഷായെ അല്ല. പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നില്ല. എന്തിന് കുറ്റപ്പെടുത്തണം എന്നാണ് മമത ചോദിക്കുന്നത്. എന്നാല്‍ അമിത്ഷാ അധികാരത്തില്‍ ഇടപെടുന്നു, കേന്ദ്രമന്ത്രിമാരുടെ യോഗത്തില്‍ ബിജെപി പ്രസിഡന്റ് പങ്കെടുക്കുന്നത് എന്തിനാണ്, അത് ഏകാധിപത്യമാണ് എന്നൊക്കെ മമതയ്ക്ക് പരാതിയുണ്ട്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ പ്രശംസകൊണ്ട് മൂടിയ മമത, അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ തങ്ങള്‍ക്ക് ഒരുതരത്തിലുള്ള പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്ന് എടുത്തുപറയുകയും ചെയ്തിരിക്കുന്നു. മമതയുടെ മനംമാറ്റത്തില്‍ അദ്ഭുതം പ്രകടിപ്പിച്ച മാധ്യമങ്ങള്‍, അവര്‍ രാഷ്ട്രീയപ്പോരാട്ടത്തിലെ ഗോള്‍ പോസ്റ്റ് മാറ്റിയിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടത് തികച്ചും ശരിയാണ്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബിജെപി പ്രചാരണം തുടങ്ങിയപ്പോള്‍ മുതല്‍ മമതയ്ക്ക് മനസ്സിന്റെ നിയന്ത്രണം പോയിരുന്നു. രാഷ്ട്രീയ സദാചാരത്തിന്റെ സകലസീമകളും ലംഘിച്ച് മോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസ്താവനകളാണ് മമത നിരന്തരം നടത്തിയത്. ഭൂരിപക്ഷം സീറ്റുകള്‍ നേടി അധികാരത്തില്‍ വന്ന മോദി സര്‍ക്കാരിനെതിരെ ജനാധിപത്യ മര്യാദ തൊട്ടുതീണ്ടാത്തവിധം യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു മമത. രാജ്യരക്ഷയും ജനക്ഷേമവും മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട ഒട്ടെല്ലാ പദ്ധതികളെയും മമത അകാരണമായി എതിര്‍ത്തുകൊണ്ടിരുന്നു. സ്മാര്‍ട്ട് സിറ്റി മിഷന്‍, റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ആക്ട്, നദീസംയോജന പദ്ധതി, സ്വച്ഛഭാരത്, ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കല്‍, ജിഎസ്ടി എന്നിവയോടൊക്കെ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരിക്ക് ചേരാത്തവിധം അത്യന്തം സങ്കുചിതവും രാഷ്ട്രീയ പ്രേരിതവുമായ എതിര്‍പ്പാണ് മമത പ്രകടിപ്പിച്ചത്. ഒരേസമയം മത്സരത്തിലും സഹകരണത്തിലും അധിഷ്ഠിതമായ കേന്ദ്ര-സംസ്ഥാന ബന്ധമാണ് തന്റെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരുന്നപ്പോള്‍ സംസ്ഥാനത്ത് മോദി വിരോധം കുത്തിപ്പൊക്കാനാണ് മമത ശ്രമിച്ചത്. മോദി ഹഠാവോ, ദേശ് ബചാവോ എന്ന പ്രചാരണം സ്വന്തം പാര്‍ട്ടി അണികളെ അക്രമത്തിന് പ്രേരിപ്പിക്കാന്‍ ഒരു മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തിറങ്ങുന്നതിന്റെ കാഴ്ചയായിരുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ പോലീസിന്റെ സഹായത്തോടെ മമതയുടെ പാര്‍ട്ടിക്കാരായ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ഇതില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. പലര്‍ക്കെതിരെയും കള്ളക്കേസുകളെടുത്തു. ഒരു സംസ്ഥാനം വിചാരിച്ചാല്‍ എങ്ങനെയാണ് കേന്ദ്രസര്‍ക്കാരിനെ പുറത്താക്കാന്‍ കഴിയുകയെന്ന് മമത ആലോചിച്ചില്ലെങ്കിലും ജനങ്ങള്‍ സ്വയം ചോദിച്ചു. നോട്ടുറദ്ദാക്കലിനെതിരെ മമത ദല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ദയനീയമായി പരാജയപ്പെട്ടപ്പോഴും അതില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായില്ല. ഇങ്ങനെയൊക്കെ ചെയ്തയാളാണ് ഇപ്പോള്‍ പ്രധാനമന്ത്രിയെ താന്‍ എന്തിന് കുറ്റപ്പെടുത്തണമെന്ന് ചോദിക്കുന്നത്! മമതയുടെ ഇപ്പോഴത്തെ മനംമാറ്റത്തിനു പിന്നിലെ ഉദ്ദേശ്യം വ്യക്തമാണ്. 'മോദി'ക്കുപകരം 'ദീദി'യെ ഉയര്‍ത്തിക്കാട്ടിയവര്‍ നിരാശരായി പിന്മാറിയിരിക്കുന്നു. എന്നുമാത്രമല്ല, ദീദിയുടെ സ്വന്തം തട്ടകത്തില്‍ തന്നെ ബിജെപി നടത്തുന്ന മുന്നേറ്റം തൃണമൂലിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിരിക്കുകയാണ്. ഏഴ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ മുന്നേറ്റം ബംഗാള്‍ രാഷ്ട്രീയത്തിലെ കാറ്റുവീശുന്നത് ഏത് ദിശയിലേക്കാണെന്ന് വ്യക്തമാക്കുന്നുണ്ട്. പലയിടങ്ങളിലും ജയിച്ചത് തൃണമൂല്‍ കോണ്‍ഗ്രസാണെങ്കിലും മൂന്നരപ്പതിറ്റാണ്ടോളം ബംഗാള്‍ ഭരിച്ച സിപിഎമ്മും സഖ്യകക്ഷിയായ കോണ്‍ഗ്രസും വട്ടപ്പൂജ്യമായപ്പോള്‍ ബിജെപി ഒറ്റയ്ക്ക് ഏഴ് സീറ്റ് നേടുകയും മറ്റ് പാര്‍ട്ടികളെയെല്ലാം പിന്തള്ളി പലയിടങ്ങളിലും രണ്ടാമതെത്തുകയും ചെയ്തു. ബംഗാളിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപിയാണെന്ന് അവിടുത്തെ ജനങ്ങള്‍ അംഗീകരിച്ചതിന് തെളിവാണിത്. തനിക്ക് അന്ധമായ മോദിവിരോധമൊന്നും ഇല്ലെന്ന് കാണിക്കാനായാല്‍ ഈ ബിജെപി മുന്നേറ്റം തടയാമെന്ന് മമത വ്യാമോഹിക്കുന്നുണ്ടാവാം. മോദിയെ പ്രശംസിക്കുമ്പോഴും അമിത്ഷായെ തള്ളിപ്പറയുന്നത് ഇതുകൊണ്ടാണ്. ഇനിയിപ്പോള്‍ നിതീഷ് കുമാറിന്റെ ചുവടുപിടിച്ച് മമതയും എന്‍ഡിഎയിലെത്തിയാല്‍ അദ്ഭുതപ്പെടാനില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.