ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ ആശുപത്രികള്‍ നികുതി വെട്ടിക്കുന്നു: സിഎജി

Monday 21 August 2017 9:14 pm IST

ന്യൂദല്‍ഹി: ജീവകാരുണ്യ പ്രവര്‍ത്തനം മറയാക്കി രാജ്യത്തെ ആശുപത്രികള്‍ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിക്കുന്നതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ആശുപത്രികള്‍ക്ക് നികുതിയിളവുണ്ട്. ഇത് മുതലെടുത്ത് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ആശുപത്രികളുള്‍പ്പെടെ നികുതി വെട്ടിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. വന്‍കിട ആശുപത്രികള്‍ ട്രസ്റ്റിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തും നികുതിയിളവ് നേടുന്നു. അവകാശപ്പെടുന്നതിലും കുറവാണ് ആശുപത്രികള്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രോഗികളില്‍നിന്ന് പണം വാങ്ങി ചികിത്സ നടത്തുന്ന കേസുകളും ജീവകാരുണ്യ പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നു. ആദായ നികുതി വകുപ്പിനുള്ള പരിമിതിയാണ് ഇക്കാര്യത്തില്‍ ആശുപത്രികള്‍ക്ക് സഹായകമാകുന്നത്. എന്താണ് ജീവകാരുണ്യ പ്രവര്‍ത്തനമെന്നത് സംബന്ധിച്ച് ആദായ നികുതി നിയമത്തില്‍ പ്രായോഗികമായ നിര്‍വ്വചനമില്ല. ട്രസ്റ്റുകള്‍ക്ക് ലഭിക്കുന്ന വലിയ തോതിലുള്ള പണം ആദായ നികുതി വകുപ്പ് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അളവ് പരിശോധിക്കാന്‍ ആദായ നികുതി വകുപ്പിന് സാധിക്കും. എന്നാല്‍ ഏതെങ്കിലും കേസുകള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കാന്‍ സാധിക്കില്ല. ബോംബെ പബ്ലിക് ട്രസ്റ്റ് (ബിപിടി) ആക്ടനുസരിച്ചാണ് മഹാരാഷ്ട്രയില്‍ ട്രസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ ട്രസ്റ്റുകള്‍ക്ക് കീഴിലുള്ള പത്ത് ആശുപത്രികള്‍ പരിശോധിച്ചപ്പോള്‍ നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് സിഎജി കണ്ടെത്തി. ഇവര്‍ മാത്രം 77 കോടി രൂപയുടെ നികുതിയാണ് വെട്ടിച്ചത്. എന്നാല്‍ ബിപിടി ആക്ടിന് വിരുദ്ധമായി ആദായ നികുതി വകുപ്പിന് പ്രവര്‍ത്തിക്കാനാകില്ല. ഇതാണ് വന്‍തോതിലുള്ള നഷ്ടം രാജ്യത്തിനുണ്ടാക്കുന്നതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.