മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം

Monday 21 August 2017 9:20 pm IST

തലയോലപ്പറമ്പ്: ഇലക്ട്രിക്കല്‍ സെഷന്റെ കീഴിലുള്ള കോരിക്കല്‍, മാത്താനം, കുറുന്തറ, തലയോലപ്പറമ്പ് ടൗണ്‍ വെട്ടിക്കാട്ടുമുക്ക്, തലപ്പാറ, പൊതി എന്നിവിടങ്ങളില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം പതിവാകുന്നതായി നാട്ടുകാരുടെ പരാതി. പഞ്ചായത്തിന്റെ വിവിധ ഇടങ്ങളില്‍ ഇലക്ട്രിക്കല്‍ ലൈനിനുമുകളിലേക്ക് അപകടഭീഷണി ഉയര്‍ത്തി ചാഞ്ഞുകിടക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ പോലും കൂട്ടാക്കാതെ അധികൃതര്‍ അറ്റകുറ്റപണിയുടെ പേരില്‍ വൈദ്യുതി മുടങ്ങുന്നതെന്തിനാണെന്ന് നാട്ടുകാര്‍. പ്രദേശത്ത് അനധികൃത വൈദ്യുത മുടക്കം പതിവായതോടെ ചെറുകിട സംരംഭകരും വ്യാപാരികളും ഏറെ പ്രതിസന്ധിയിലാണ്. ബാങ്കില്‍ നിന്നും മറ്റ് ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്ത് കച്ചവടക്കാര്‍ക്ക് തുടരെയുണ്ടാകുന്ന വൈദ്യുതി മുടക്കം മൂലം തിരിച്ചടവ് പോലും മുടങ്ങിയ സ്ഥിതിയാണ് നിലവിലുള്ളത്. വൈദ്യുതി മുടക്കമെന്ന് കെ.എസ്.ഇ.ബി യുടെ അറിയിപ്പ് പ്രദേശവാസികളുടെ മൊബൈലിലേക്ക് വരുന്നതു തന്നെ ലൈന്‍ വിച്ഛേദിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടാണെന്ന ആരോപണവും ശക്തമാണ്. ഇതിനെതിരെയും വ്യാപകമായ പ്രതിക്ഷേധത്തിനിടയാക്കിയിട്ടുണ്ട്. ഫോണില്‍ വിളിച്ചാല്‍ മറുപടി ഇല്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ ഓഫീസില്‍ നേരിട്ട് എത്തിയാല്‍ പോലും ഉദ്യോഗസ്ഥരെ കാണുവാന്‍ സാധിക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞദിവസം വടകര ജംഗ്ഷന് സമീപം 11 കെ.വി ലൈന്‍ കാര്‍ ഇടിച്ചു തകര്‍ന്ന് 1 മണിക്കൂറോളം കോട്ടയം എറണാകുളം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടും 10 കിലോമീറ്റര്‍ ദൂരത്തുനിന്നുള്ള കടുത്തുരുത്തി ഫയര്‍ഫോഴ്‌സ് എത്തിയാണ് വൈദ്യുതി വിഛേദിച്ചതിനു ശേഷം ഒടിഞ്ഞ പോസ്റ്റ് നീക്കം ചെയ്തത്. ഒടുവില്‍ പൊലീസ് എത്തിയാണ് ഇലക്ട്രിസിറ്റി ഓഫീസില്‍ അപകടവിവരം അറിയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.