പാലാ: ജനറല്‍ ആശുപത്രി–പുത്തന്‍പള്ളിക്കുന്ന് ലിങ്ക് റോഡ് നവീകരണ നടപടികള്‍ വൈകുന്നു. വലിയപാലം ജംഗ്ഷനില്‍ ആരംഭിച്ച് പുത്തന്‍പള്ളിക്കുന്ന് സമാന്തര റോഡില്‍ അവസാനിക്കുന്ന റോഡിന്റെ വികസനം വര്‍ഷങ്ങളായി എങ്ങുമെത്തിയിട്ടില്ല. സമാന്തര റോഡിനെയും ടൗണിനെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിന്റെ വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ നിശ്ചലാവസ്ഥയിലാണ്. ജനറല്‍ ആശുപത്രി–പുത്തന്‍പള്ളിക്കുന്ന് ലിങ്ക് റോഡിലെ കുത്തനെയുള്ള കയറ്റവും വളവും ഗതാഗതത്തിന് തടസമാകുന്നുണ്ട്. വലിയപാലം മുതല്‍ പുത്തന്‍പള്ളി വരെ മുക്കാല്‍ കിലോമീറ്ററോളമാണ് ലിങ്ക് റോഡിനുള്ളത്.
ജനറല്‍ ആശുപത്രി, ജല അതോറിറ്റി ഓഫിസ്, ഹോമിയോ ആശുപത്രി തുടങ്ങിയവയെല്ലാം ലിങ്ക് റോഡിന്റെ സമീപമാണ് പ്രവര്‍ത്തിക്കുന്നത്. ജനറല്‍ ആശുപത്രിക്ക് സമീപം ഏതാനും ചിലരുടെ സ്ഥലം ഏറ്റെടുക്കുന്നതില്‍ മാത്രമാണ് തര്‍ക്കമുള്ളത്. ടൗണിനോട് ചേര്‍ന്നുള്ള ഭാഗത്ത് ഭൂവുടമകള്‍ക്കു നല്കുന്ന നഷ്ടപരിഹാരം കുറഞ്ഞുപോയതാണ് സ്ഥലമേറ്റെടുക്കുന്നതിന് തര്‍ക്കമുണ്ടാകാന്‍ കാരണം. സമാന്തര റോഡിന്റെ പൂര്‍ണ പ്രയോജനം ലഭിക്കണമെങ്കില്‍ വലിയ പാലത്തിനു സമീപത്തു നിന്നുള്ള റോഡ് നവീകരിക്കണമെന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: