കൊട്ടാക്കമ്പൂര്‍ ഭൂമി തട്ടിപ്പ് കേസ്: സിബിഐ അന്വേഷണത്തിന്റെ വാദം അന്തിമഘട്ടത്തില്‍

Monday 21 August 2017 9:55 pm IST

  ഇടുക്കി: ജോയിസ് ജോര്‍ജ്് എംപിയും കുടുംബക്കാരും പ്രതികളായ കൊട്ടാക്കമ്പൂര്‍ ഭൂമി തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന കേസില്‍ വാദം അന്തിമഘട്ടത്തില്‍. ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും. അന്വേഷണം സിബിഐക്ക് വിടുന്നത് സംബന്ധിച്ച് രേഖാമൂലം വിവരങ്ങള്‍ നല്‍കാന്‍ സിബിഐ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. കൊട്ടാക്കമ്പൂര്‍ ഭൂമി കേസ് സംബന്ധിച്ച് ദേവികുളം സ്വദേശി മുകേഷാണ് 2015ല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ദേവികുളം പോലീസ് രജിസ്റ്റര്‍ ചെയ്ത ഭൂമി തട്ടിപ്പ് കേസിന്റെ അന്വേഷണം മൂന്നാര്‍ ഡിവൈഎസ്പിയാണ് നടത്തുന്നത്. ലോക്കല്‍ പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് കാട്ടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. കേസില്‍ ഹൈക്കോടതി ഇടപെട്ടു. കേസിന്റെ പുരോഗതി ഹൈക്കോടതിയെ അറിയിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞില്ല. പലതവണ ഹൈക്കോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. കേസിന്റെ പ്രധാന തെളിവായ നമ്പര്‍ 1 , നമ്പര്‍ 2 രജിസ്റ്റര്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ജോയിസ് ജോര്‍ജും കുടുംബക്കാരും ഭൂമി വാങ്ങിയ ദളിതരുടെ മൊഴിമാത്രമാണ് പോലീസിന്റെ പക്കലുള്ളത്. ഇവരുടെ ഒപ്പിന്റെ നിജസ്ഥിതി ഫോറന്‍സിക് സയന്‍സ് ലാബില്‍ നിന്നും ലഭിച്ചിട്ടില്ല. കേസിന്റെ അന്വേഷണം തുടങ്ങിയിടത്ത് തന്നെ നില്‍ക്കുന്നു എന്നതാണ് വസ്തുത. കേസ് സിബിഐക്ക് വിട്ടാല്‍ കൊട്ടാക്കമ്പൂര്‍ മാത്രമല്ല അഞ്ചുനാട് വില്ലേജുകളിലെ ഭൂമി തിരിമറിയുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.