സുരക്ഷാ വീഴ്ച: അദ്വാനി കായല്‍ സവാരി നടത്തിയത് ലൈസന്‍സില്ലാത്ത ബോട്ടില്‍

Monday 21 August 2017 9:57 pm IST

ആലപ്പുഴ: മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി കുമരകത്ത് സന്ദര്‍ശനത്തിനെത്തിയപ്പോള്‍ കായല്‍ സവാരി നടത്തിയത് ലൈസന്‍സില്ലാത്ത ഹൗസ്‌ബോട്ടില്‍. ഗുരുതരമായ വീഴ്ചയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. ജില്ലാ പോലീസ് നേതൃത്വമാണ് ബോട്ട് ആവശ്യപ്പെട്ടതെങ്കിലും ലൈസന്‍സ് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചിരുന്നില്ല എന്നു വ്യക്തമായി. വേമ്പനാട് കായലില്‍ സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ ഹൗസ് ബോട്ടുകളുടെയും ലൈസന്‍സ് ഈ വര്‍ഷം തുറമുഖ വകുപ്പ് റദ്ദാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അദ്വാനി ലൈസന്‍സില്ലാത്ത ബോട്ടില്‍ യാത്ര നടത്തിയത്. ഓള്‍ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസുകുട്ടി ജോസഫിന് തുറമുഖ വകുപ്പ് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ 050 നമ്പര്‍ ഹൗസ് ബോട്ടിലാണ് അദ്വാനി യാത്ര ചെയ്തതെന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഈ ബോട്ട് ഹൗസ്‌ബോട്ട് ഓണേഴ്‌സ് സമിതി പ്രസിഡന്റ് സി.ജെ. ജോസഫിന്റേതാണ്. തന്റെ ബോട്ടില്‍ അദ്വാനി യാത്ര ചെയ്തിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി തെറ്റാണെന്നും ജോസഫ് പറയുന്നു. ജോസഫിന്റെ 50-ാം നമ്പര്‍ ഹൗസ് ബോട്ടിന്റെയും ലൈസന്‍സ് മരവിപ്പിച്ചിരിക്കുകയാണ്. ലൈസന്‍സില്ലാത്ത ബോട്ടില്‍ യാത്ര ചെയ്താല്‍ ഇന്‍ഷുറന്‍സ് പരിരക്ഷപോലും ലഭിക്കില്ല. ഇത് വ്യക്തമായി അറിയാവുന്ന അധികൃതരും പോലീസും ഗുരുതരമായ വീഴ്ചയാണ് വരുത്തിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.