മുഖ്യമന്ത്രി നിയമത്തെ വെല്ലുവിളിക്കുന്നു: ഹിന്ദുഐക്യവേദി

Monday 21 August 2017 9:58 pm IST

കോട്ടയം: ഇടുക്കി ബോണക്കാട് സ്പിരിറ്റ് ഇന്‍ ജീസസ് ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്തത് അതേ സ്ഥാനത്ത് സര്‍ക്കാര്‍ ചെലവില്‍ പുനഃസ്ഥാപിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയും ന്യൂനപക്ഷ മതപ്രീണനവുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു. തീരുമാനം സംസ്ഥാനത്തെ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കും. ഭൂമി കൈയേറ്റത്തിന് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രി അദ്ദേഹത്തിന്റെ സ്ഥാനത്തിനു യോജിക്കാത്ത തീരുമാനമാണ് കൈക്കൊള്ളുന്നത്. കൈയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടാണോ, റവന്യൂ മന്ത്രിക്കും, എല്‍ഡിഎഫ് നേതാക്കള്‍ക്കുമുള്ളതെന്ന് വ്യക്തമാക്കണം. സംഘടിത മതസമൂഹത്തെയും, കൈയേറ്റ മാഫിയയെയും പ്രീതിപ്പെടുത്താന്‍ സര്‍ക്കാര്‍ മുതിര്‍ന്നാല്‍ സംസ്ഥാനത്തെ വനഭൂമികളിലും, സര്‍ക്കാര്‍ അധീനതയിലുള്ള റവന്യൂ ഭൂമികളിലും ഹിന്ദുമത ചിഹ്നങ്ങള്‍ സ്ഥാപിച്ച് ഭൂമി കൈയടക്കല്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ബിജു മുന്നറിയിപ്പ് നല്‍കി.