കായല്‍ ടൂറിസം മേഖല: 30ന് പണിമുടക്ക്

Monday 21 August 2017 10:12 pm IST

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ കായല്‍ ടൂറിസം മേഖലയോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഈമാസം 30ന് പണിമുടക്കുമെന്ന് സംയുക്ത സമര സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഹൗസ് ബോട്ട്, മോട്ടോര്‍ബോട്ട്, ശിക്കാര വള്ളങ്ങള്‍ അന്ന് സര്‍വ്വീസ് നടത്തില്ല. ഇവയ്ക്ക് ലൈസന്‍സ് നല്‍കേണ്ട ചുമതല തുറമുഖ വകുപ്പിനാണ്. അനാവശ്യ മാനദണ്ഡങ്ങള്‍ പറഞ്ഞ് ബോട്ടുകള്‍ക്ക് ലൈസന്‍സ് നിഷേധിക്കുകയാണ് വകുപ്പ് ചെയ്യുന്നത്. ഇതിനെതിരെ മുഖ്യമന്ത്രിയടക്കം ഏഴു മന്ത്രിമാര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക് നടത്തുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജോസുകുട്ടി ജോസഫ് പറഞ്ഞു. നിയമപ്രകാരം വേമ്പനാടുകായലില്‍ 232 ബോട്ടുകള്‍ മാത്രമേ സര്‍വ്വീസ് നടത്താന്‍ പാടുള്ളൂ. എന്നാല്‍ 1,500 ഓളം എണ്ണം സര്‍വ്വീസ് നടത്തുന്നുണ്ട്. പി.കെ. സജീവ്കുമാര്‍, സി.ജെ. ജോസഫ്, തൊമ്മി ജോസഫ്, ടി. അനസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.