ബാഴ്‌സലോണ ജയത്തോടെ അരങ്ങേറി

Monday 21 August 2017 10:32 pm IST

മാഡ്രിഡ്: ലാലിഗയില്‍ ബാഴ്‌സലോണ ജയത്തോടെ അരങ്ങേറി. ആദ്യ മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ തോല്‍പ്പിച്ചു. ജെറാര്‍ഡ് ഡ്യൂലോഫിയാണ് ബാഴ്‌സലോണയുടെ രണ്ടുഗോളിനും വഴിയൊരുക്കിയത്. ബാഴ്‌സയുടെ സെര്‍ജി റോബര്‍ട്ടോ ഒരുഗോള്‍ നേടിയപ്പോള്‍ ഒരെണ്ണം റയല്‍ ബെറ്റീസിന്റെ അലിന്‍ ടോസ്‌ക്കയുടെ സെല്‍ഫ് ഗോളായിരുന്നു. പിഎസ്ജിയിലേക്ക് ചേക്കേറിയ നെയ്മറെയും പരിക്കേറ്റ ലൂയിസ് സുവാരസിനെയും കൂടാതെയാണ് ബാഴ്‌സ കളിക്കളത്തിലിറങ്ങിയത്. ഇവരുടെ അഭാവത്തില്‍ ലയണ്‍ല്‍ മെസി ബാഴ്‌സയുടെ മുന്‍ നിരയെ നയിച്ചു. മൂന്ന് തവണ മെസി ലാലിഗയിലെ 350-ാം ഗോളിനടുത്തെത്തിയതാണ്.പക്ഷെ മെസിയുടെ ഗോള്‍ അടിക്കാനുളള ശ്രമങ്ങള്‍ റയല്‍ ബെറ്റിസിന്റെ പ്രതിരോധ നിര തകര്‍ത്തു. ലാലിഗയിലെ ആദ്യ വിജയം കാറ്റലോണിയയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി സമര്‍പ്പിക്കുന്നെന്ന് ജെറാര്‍ഡ് പറഞ്ഞു. മത്സരത്തില്‍ മികവ് കാട്ടാനായതില്‍ സന്തോഷമുണ്ട്. അടുത്ത മത്സരങ്ങളില്‍ കൂടുതല്‍ മികവ് കാട്ടുമെന്നും ജെറാര്‍ഡ് വെളിപ്പെടുത്തി.