കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലില്‍ ഇടത് സ്വതന്ത്ര എംഎല്‍എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വിവാദ പി.വി.ആര്. നാച്വറോ വാട്ടര്‍ തീം പാര്‍ക്ക് വിഷയത്തില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും കടുത്ത ഭിന്നത.
യുഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി തീം പാര്ക്കിന് അനുകൂലമായി നില്ക്കുമ്പോള് കോണ്‍ഗ്രസ് ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ പാര്ക്കിന് എതിരെ രംഗത്തുണ്ട്. നിയമസഭയില്‍ പാര്‍ക്കിനെ ചൊല്ലി വന്‍ വിവാദങ്ങള്‍ സൃഷ്ടിക്കുമ്പോഴും കോണ്‍ഗ്രസ്സിന്റെ പ്രാദേശിക ഘടകത്തിന്റെ നിലപാട് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഡിസിസി നേതൃത്വമോ കെപിസിസിയോ തങ്ങളെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങളൊന്നും തന്നെ നല്‍കിയിട്ടില്ലെന്നും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് ജന്മഭൂമിയോട് വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തിനെതിരായ നിലപാടാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റേത്. ഇത് കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാക്കളുടെ അനുഗ്രഹാശിസ്സുകളോടെയാണെന്ന് ആരോപണമുണ്ട്. പാര്‍ക്കിന്റെ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നത തീര്‍ക്കാന്‍ കെപിസിസി നേതൃത്വം ഇടപെട്ടിട്ടുണ്ട്. ഇന്നലെ രാത്രി വൈകി ഡിസിസി ഓഫീസിലേക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും യുഡിഎഫ് നേതാക്കളെയും ചര്‍ച്ചക്ക് വിളിച്ചു.
ഇതിനിടെ വാട്ടര്‍ തീം പാര്‍ക്കിനെതിരെ യൂത്ത് ലീഗും സമരം പ്രഖ്യാപിച്ചു. നാളെ വാട്ടര്‍ പാര്‍ക്കിലേക്ക് മാര്‍ച്ച് നടത്താനാണ് അവരുടെ തീരുമാനം. കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ഇടതുപക്ഷത്തോടൊപ്പം അന്‍വറിനെ പിന്തുണയ്ക്കുന്നതിനെതിരെയാണ് യൂത്ത് ലീഗിന്റെ പ്രകടമായ നീക്കം. ഇതോടെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന്റെ പേരില്‍ യുഡിഎഫിലും പ്രതിസന്ധി പടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: