വഞ്ചിപ്പാട്ട് പാടി പ്രതിഷേധം

Monday 21 August 2017 11:04 pm IST

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ചതയം ജലോത്സവ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ വഞ്ചിപ്പാട്ട് പാടി പ്രതിഷേധം സംഘടിപ്പിച്ചു. തിരുവാറന്മുള പള്ളിയോടങ്ങളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നിരവധി പള്ളിയോടങ്ങള്‍ നിര്‍മ്മിച്ച ചങ്ങംകരി വേണു ആചാരി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. വള്ളംകളിക്കാരുടെ വേഷത്തില്‍ വഞ്ചിപ്പാട്ടും പാടിയാണ് സംഘം സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. സെക്രട്ടേറിയറ്റിന്റെ വടക്കേ കവാടത്തില്‍ നിലവിളക്കും നിറപറയും ഒരുക്കിയ ശേഷം വഞ്ചിപ്പാട്ട് ആലപിച്ച് പ്രതിഷേധിക്കുകയായിരുന്നു. സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ഉത്രട്ടാതി ജലോത്സവത്തെ സംരക്ഷിക്കുന്നതിനായി മൂന്നു ലക്ഷം രൂപയെങ്കിലും വാര്‍ഷിക ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ചെങ്ങന്നൂര്‍ ചതയം ജലോത്സവ സാംസ്‌കാരിക സമിതി ചെയര്‍മാന്‍ എം.വി. ഗോപകുമാര്‍ ആവശ്യപ്പെട്ടു. 20 വള്ളങ്ങള്‍ മാത്രം പങ്കെടുക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിക്ക് 10 ലക്ഷം രൂപയാണ് ഗ്രാന്‍ഡായി അനുവദിക്കുന്നത്. എന്നാല്‍ 52 കരകളില്‍ നിന്നായി 52 പള്ളിയോടങ്ങളാണ് ഉത്രട്ടാതി ജലോത്സവത്തില്‍ പങ്കെടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം 51 ലക്ഷം രൂപ അനുവദിച്ചെങ്കിലും സംസ്ഥാനത്തിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഇല്ലാത്തതിനാല്‍ ഇതുവരെ കൈയില്‍ കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി കെ.ആര്‍. പ്രഭാകരന്‍ നായര്‍ ബോധിനി, ജനറല്‍ കണ്‍വീനര്‍ അജി ആര്‍. നായര്‍, ജോയിന്റ് കണ്‍വീനര്‍ ജി. മുരുകന്‍, പത്മകുമാര്‍ ഭസ്മക്കാട്ടില്‍, ഉണ്ണി വേഴപ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.