ഐസക്കിന്റെ 'ആലപ്പുഴ മോഡല്‍' പൊളിച്ചടുക്കി പിണറായി

Monday 21 August 2017 11:32 pm IST

ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക്ക് കൊട്ടിഘോഷിക്കുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ആലപ്പുഴ മോഡലിനെ പൊളിച്ചടക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍ പാര്‍ട്ടിക്കാര്‍ പോലും ഉന്നയിക്കാത്ത കടുത്ത ആക്ഷേപങ്ങളാണ് ആലപ്പുഴയിലെ ശുചിത്വമില്ലായ്മയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ചത്. അതും ഐസക്കിനെ സാക്ഷിയാക്കി, പാര്‍ട്ടി നടത്തിയ പൊതുപരിപാടിയില്‍. പാര്‍ട്ടിയിലെ മാറിയ സമവാക്യങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു പി. കൃഷണപിള്ള ജന്മദിനത്തില്‍ പിണറായി വിജയന്‍ ആലപ്പുഴയിലെ ശുചിത്വമില്ലായ്മയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍. കൃഷ്ണപിള്ള അനുസ്മരണത്തില്‍ രാഷ്ട്രീയ വിഷയങ്ങളും പാര്‍ട്ടി നിലപാടുകളും വിശദീകരിക്കുന്നതിനിടെ വിഷയത്തില്‍ നിന്നും വിട്ടു മാറി പിണറായി നടത്തിയ ഏക പരാമര്‍ശവും ഇതായിരുന്നു. കേരളീയരല്ലാത്തവരും വരുന്ന പ്രദേശമാണ് ആലപ്പുഴ. നിറഞ്ഞ തോടുകളും കായലുകളും എല്ലാം ആസ്വദിക്കുവാന്‍ എത്തുന്നവര്‍ക്ക് ഇത്രയും സുന്ദരമായ നാട് വൃത്തിയാക്കുന്നില്ല എന്ന കുറ്റപ്പെടുത്തലാണ് മനസിലുണ്ടാകുകയെന്നാണ് പിണറായി വിജയന്‍ കുറ്റപ്പെടുത്തിയത്. ഈ നിലതുടര്‍ന്നാല്‍ സഞ്ചാരികളെ കണികാണാന്‍ കിട്ടില്ല. കഴിഞ്ഞ ദിവസം നെഹ്‌റു ട്രോഫി ജലോത്സവത്തിനെത്തിയ തനിക്ക് നേരിട്ട് ബോദ്ധ്യപ്പെട്ടതായും പിണറായി പറഞ്ഞതോടെ ഐസക്് കാലങ്ങളായി മേനി നടിച്ചിരുന്ന ആലപ്പുഴ മോഡല്‍ പാര്‍ട്ടിയും സര്‍ക്കാരും തള്ളിയതായി വ്യക്തമായി. മാലിന്യ നിര്‍മ്മാര്‍ജ്ജനം, സാന്ത്വനം പദ്ധതി തുടങ്ങി തോമസ് ഐസക് ആലപ്പുഴ നിയോജക മണ്ഡലത്തിലും നഗരത്തിലും നടത്തിയതായി അവകാശപ്പെട്ടിരുന്ന പ്രവര്‍ത്തനങ്ങള്‍ നേരത്തെ പാര്‍ട്ടി അഭിനന്ദിക്കുകയും സംസ്ഥാനമെമ്പാടും വ്യാപിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മാലിന്യ നിര്‍മ്മാര്‍ജനത്തെക്കുറിച്ച് പാര്‍ട്ടി ആലപ്പുഴയില്‍ സംസ്ഥാനതല സെമിനാറും നടത്തിയിരുന്നു. പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും അടക്കമുള്ളവര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പാര്‍ട്ടി മാത്യകയാക്കിയ തോമസ് ഐസക്കിന്റെ പ്രവര്‍ത്തനങ്ങളെയാണ് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ പിണറായി വിമര്‍ശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.