മോദിസര്‍ക്കാര്‍ നവഭാരതം സൃഷ്ടിക്കുന്നു: ജാവ്‌ദേക്കര്‍

Monday 21 August 2017 11:39 pm IST

കൊച്ചി: നരേന്ദ്ര മോദി ഭരണത്തില്‍ കിഴില്‍ നവഭാരതം സൃഷ്ടിക്കപ്പെടുകയാണെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അഭിപ്രായപ്പെട്ടു. അഴിമതിയും പട്ടിണിയുമില്ലാത്ത, ഭീകരവാദമുക്തവും മാലിന്യമുക്തവുമായ ഭാരതമാണ് മോദിസര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. അഴിമതി നിര്‍മാര്‍ജനത്തിന് തുടക്കമിടാന്‍ ഇതിനകം സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. രാജ്യപുരോഗതിയുടെ കാര്യത്തില്‍ രാഷ്ട്രീയാതീതമായാണ് സര്‍ക്കാര്‍ ചിന്തിക്കുന്നത്. ജിഎസ്ടി നടപ്പാക്കാന്‍ കഴിഞ്ഞത് ഇതിന് തെളിവാണ്. ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബിജെപി എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജാവ്‌ദേക്കര്‍. സുതാര്യമായ ഭരണം കാഴ്ചവച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ മാത്രമേ നവഭാരത നിര്‍മ്മാണം സാധ്യമാകൂവെന്ന് പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മനുഷ്യരുടെ ഹൃദയത്തുടിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന, വിലാപങ്ങളില്ലാത്ത ഭരണം കാഴ്ചവയ്ക്കാനാവണമെന്ന് സത്യദീപം എഡിറ്റര്‍ ഫാ.പോള്‍ തേലക്കാട്ട് അഭിപ്രായപ്പെട്ടു. പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്ന ഭരണമാണ് മോദിസര്‍ക്കാരിന്റെതെന്ന് കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ അഡ്വ.പി.സി.തോമസ് അഭിപ്രായപ്പെട്ടു. ഭരണരീതിയിലും വികസനമാതൃകയിലും ബ്രട്ടീഷുകാരെ അനുകരിച്ച സര്‍ക്കാരുകളുടെ പതിറ്റാണ്ടുകാലത്തെ അഴുക്കുകള്‍ കഴുകിക്കളയുകയാണ് മോദിസര്‍ക്കാരെന്ന് മോഡറേറ്ററായിരുന്ന ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം അഭിപ്രായപ്പെട്ടു. വൈഎംസിഎ ഹാളില്‍ നടന്ന പരിപാടിയില്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍.കെ.മോഹന്‍ദാസ് ആധ്യക്ഷം വഹിച്ചു. പാര്‍ട്ടി നേതാക്കളായ നെടുമ്പാശ്ശേരി രവി, എന്‍.പി.ശങ്കരന്‍കുട്ടി, എം.എന്‍.മധു, രേണു സുരേഷ്, സി.ജി.രാജഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ കേന്ദ്രമന്ത്രിക്ക് ഓണക്കോടി നല്‍കി.