പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

Tuesday 22 August 2017 10:20 am IST

തിരുവനന്തപുരം: പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. നിയമന വിവാദത്തില്‍ മന്ത്രി ശൈലജ മറുപടി പറയേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സഭ ബഹിഷ്കരിച്ച പ്രതിപക്ഷം സഭാ കവാടത്തിലെ സത്യഗ്രഹ പന്തലിലെത്തി. സ്വാശ്രയ വിഷയത്തിലുള്ള അടിയന്തരപ്രമേയം അവതരിപ്പിക്കുന്നതിന് വി.ഡി.സതീശന്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ചോദ്യാത്തരവേളയ്ക്ക് ശേഷം ശൂന്യവേളയില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചെങ്കിലും ആരോഗ്യമന്ത്രിയാണ് മറുപടി പറയുന്നതെങ്കില്‍ പ്രമേയം അവതരിപ്പിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍, അതാത് വകുപ്പുകളുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയത്തിന് മന്ത്രിയാണ് മറുപടി പറയേണ്ടതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ റൂളിംഗ് നല്‍കി. ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയും മറുപടി പറയുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് അടിയന്തരപ്രമേയം അവതരിപ്പിക്കുന്നില്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയത്. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയും ചെയ്തു. അടിയന്തരപ്രമേയം ഒഴിവാക്കിയതോടെ സ്പീക്കര്‍ തുടര്‍നടപടികളിലേക്ക് കടന്നു.