വിജയിച്ചത് കണ്ണീരു കുടിച്ച ജീവിതങ്ങളുടെ പോരാട്ടം

Wednesday 23 August 2017 7:54 am IST

ന്യൂദല്‍ഹി: സ്്രതീധനത്തിനു വേണ്ടിയുള്ള ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും കൊടിയ പീഡനം, അവഗണന, ചോദ്യം ചെയ്താല്‍ മൊഴിചൊല്ലുമെന്ന ഭീഷണി... അങ്ങനെ സഹിക്കാവുന്നതിനുമപ്പുറം സഹിച്ച അഞ്ചു വനിതകളാണ് മുസ്ലിം വനിതകളെ മുത്തലാഖ് എന്ന നിത്യനരകത്തില്‍ നിന്ന് രക്ഷിക്കാന്‍ നിയമ വഴിയിലൂടെ പോരാട്ടം നയിച്ചത്. ഒടുവില്‍ രാജ്യത്തെ പരമോന്നത നീതിപീഠം മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കുമ്പോള്‍ ഈ അഞ്ചു പേര്‍ ലോകത്തിനു തന്നെ മാതൃകയാകുന്നു. വിധിയെന്നു കരുതി എല്ലാം സഹിച്ച് വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ജീവിതം ഹോമിക്കുന്നവര്‍ക്കെല്ലാം അക്ഷരാര്‍ഥത്തില്‍ മാലാഖമാരായി ഇവര്‍. പുരുഷാധിപത്യം കൊടികുത്തി വാഴുന്ന മുസ്ലിം സമുദായത്തില്‍ നിന്നു കൊണ്ട് നിയമയുദ്ധം എളുപ്പമായിരുന്നില്ല. എങ്കിലും അവര്‍ പൊരുതി ഒരു നല്ല നാളേക്കായി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പിന്തുണ കൂടി ലഭിച്ചതോടെ, പോരാട്ടത്തിന് ബലം കൈവന്നു. സൈറാ ബാനു (35), അഫ്രീന്‍ റഹ്മാന്‍ (26), ഗുല്‍ഷന്‍ പര്‍വീണ്‍ (31), ഇഷ്‌റത്ത് ജഹാന്‍ (31), അതിയ സാബ്രി (30) ഇവരാണ് ഹര്‍ജി നല്‍കി അനീതിക്കെതിരെ നിയമ യുദ്ധം നടത്തിയത്. ഉത്തരാഖണ്ഡ് സ്വദേശിനിയായ സൈറയെ 15 വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് ഭര്‍ത്താവ് ഫോണിലൂടെയാണ് മുത്തലാഖ് ചൊല്ലിയത്. രണ്ടു കുട്ടികളുണ്ട്. ജയ്പ്പൂര്‍ സ്വദേശിനി അഫ്രീനെ 2014ലാണ് വിവാഹം കഴിച്ചത്. മൂന്നു മാസം കഴിഞ്ഞ് ഭര്‍ത്താവ് സ്പീഡ് പോസ്റ്റിലൂെട മൊഴി ചൊല്ലി. യുപി രാംപൂര്‍ സ്വദേശിയാണ് ഗുല്‍ഷന്‍, 2013ലായിരുന്നു വിവാഹം. മൂന്നു വര്‍ഷത്തെ സ്ത്രീധന പീഡനങ്ങള്‍ക്കൊടുവില്‍ ഭര്‍ത്താവ് മുദ്രപ്പത്രത്തില്‍ എഴുതി വച്ച് മൊഴി ചൊല്ലി. ഒരു കുട്ടിയുണ്ട്. ബംഗാള്‍ ഹൗറ സ്വദേശിനിയായ ഇസ്രത്ത് നാലു കുട്ടികളുടെ അമ്മയാണ്. 15 വര്‍ഷത്തെ വിവാഹബന്ധം ഭര്‍ത്താവ് ഉപേക്ഷിച്ചത് 2015 ഏപ്രിലില്‍ ദുബായിയില്‍ നിന്ന് ഫോണിലൂടെ. 2012ലാണ് ആതിയ വിവാഹം കഴിച്ചത്. 25 ലക്ഷം രൂപ ആവശ്യപ്പെട്ടുള്ള കൊടിയ സ്ത്രീധന പീഡനം സഹിക്കാതെ 2015ല്‍ പരാതി നല്‍കി. ഭര്‍ത്താവ് ഒരു കഷണം കടലാസില്‍ എഴുതി മൊഴി ചൊല്ലി. രണ്ടു കുട്ടികളുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.