നഗരത്തില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

Tuesday 22 August 2017 8:30 pm IST

ചേര്‍ത്തല: നഗരത്തിലെ മൂലേപ്പള്ളി, വേളോര്‍വട്ടം പ്രദേശങ്ങളില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. സ്‌കൂള്‍ കുട്ടികളടക്കം ഇവരുടെ വലയിലായതോടെ രക്ഷിതാക്കള്‍ ഭീതിയിലായി. സംഘത്തിലെ ഏതാനും പേര്‍ പോലീസിന്റെ വലയിലായെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസെടുക്കാതെ രക്ഷിതാക്കളെ വിളിച്ചുവരുത്തി മുന്നറിയിപ്പ് നല്‍കി വിട്ടയക്കുകയായിരുന്നു. മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് പിടിയിലായവര്‍. ഇടതുയുവജന സംഘടനയുടെ മുന്‍ നിര പ്രവര്‍ത്തകരായ ഇവരെ സംരക്ഷിക്കാന്‍ സിപിഎം നേതാക്കള്‍ അടക്കം ബന്ധപ്പെട്ടതായും വിവരമുണ്ട്. ഇത്തരം നേതാക്കളുടെ തണലിലാണ് സംഘം തഴച്ചുവളരുന്നത്. സംഘത്തിലെ ചിലരെ നേരത്തെ കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചെങ്കിലും അദ്ധ്യയന വര്‍ഷം ആരംഭിച്ചതോടെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ഇവര്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായാണ് വിവരം. കവലയ്ക്ക് തെക്ക് ഭാഗത്ത് രാത്രികാലങ്ങളില്‍ തമ്പടിക്കുന്ന സംഘം ലഹരി ഉപയോഗവും വില്‍പ്പനയും ഇവിടം കേന്ദ്രീകരിച്ച് നടത്തുന്നതായി നാട്ടുകാര്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. പിടിക്കപ്പെടുന്നവരിലധികവും പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ നിയമത്തിന്റെ പഴുതിലൂടെ ഇവര്‍ രക്ഷപ്പെടുകയാണ്. യുവതലമുറ കഞ്ചാവ് മാഫിയയുടെ പിടിയിലമരുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.