വിലക്കയറ്റത്തില്‍ പകച്ച് ജനം

Tuesday 22 August 2017 9:48 pm IST

കോട്ടയം: വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പൊളിഞ്ഞു. ഓണസദ്യ ഒരുക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും പച്ചക്കറികളുടെയും ആവശ്യ സാധനങ്ങളുടെയും വില പിടച്ചുനിര്‍ത്തനായില്ല. കാണം വിറ്റും ഓണം ഉണ്ണേണ്ട അവസ്ഥയാണ്. വിപണി ഇടപെടല്‍ നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും ഫലം കണ്ടില്ല. കുറഞ്ഞ വിലയ്ക്ക് പച്ചക്കറികള്‍ ലഭ്യമാക്കുമെന്ന് പറഞ്ഞ ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ കാലിയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെ വരവും പ്രതീക്ഷിച്ച് ഇരിക്കുകയാണ് ഹോര്‍ട്ടികോര്‍പ്പ്. നാടന്‍ വിപണിയില്‍നിന്ന് പച്ചക്കറികള്‍ ശേഖരിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് താല്പര്യം കാണിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഏത്തയ്ക്കയുടെ വില കുതിച്ച് കയറുന്നത് തുടരുകയാണ്. വിപണിയില്‍ ചില്ലറവില 75 രൂപവരെയാണ്. ഞാലിപൂവന് കിലോയ്ക്ക് 85 രൂപയാണ്. തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇപ്പോള്‍ പ്രധാനമായും ഏത്തയ്ക്ക എത്തുന്നത്. നാടന്‍ വിപണിയില്‍നിന്ന് ഏത്തയ്ക്ക എത്തുന്നത് കുറവാണ്. ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതിപ്രകാരം തുടങ്ങിയ പച്ചക്കൃഷികളില്‍ നല്ലൊരുപങ്കും മഴയില്‍ നശിച്ചു. ഓണം അടുക്കുമ്പോള്‍ വില ഇനിയും ഉയരാനുള്ള സാധ്യതയാണ് കച്ചവടക്കാര്‍ പറയുന്നത്. ഓണത്തിന് 113 മെട്രിക് ണ്‍ പച്ചക്കറിയാണ് വേണ്ടത്. എന്നാല്‍ ഇതിന്റെ 70 ശതമാനവും സംസ്ഥാനത്തിന് പുറത്ത് നിന്നാണ് എത്തുന്നത്. ഇപ്പോള്‍ പെയ്യുന്ന മഴ പച്ചക്കറികൃഷിയെ ദോഷകരമായി ബാധിക്കുന്നുണ്ട്. കൃഷി നശിക്കുന്നത് നാടന്‍ വിപണിയില്‍ നിന്നുള്ള പച്ചക്കറികളുടെ വരവിനെ ബാധിക്കും. ജില്ലയില്‍ കുറവിലങ്ങാട്, അയര്‍ക്കുന്നം, കടപ്ലാമറ്റം മേഖലകളിലാണ് കൂടുതല്‍ പച്ചക്കൃഷി ചെയ്തിരിക്കുന്നത്. ഒരുമാസത്തിലേറെയായി പച്ചക്കറി വിപണിയില്‍ വിലക്കയറ്റം തുടരുകയാണ്. എന്നാല്‍ ഇത് പിടിച്ച് നിര്‍ത്താനുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ ലക്ഷ്യം കണ്ടിട്ടില്ല. കൃഷിവകുപ്പിന്റെയും കുടുംബശ്രീയുടെയും പച്ചക്കറി ചന്തകള്‍ സജീവമായി വരുന്നതേയുള്ളു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.