കായല്‍ നിലങ്ങള്‍ ചൂഷണത്തിന്റെ കൈനിലങ്ങള്‍

Tuesday 22 August 2017 9:56 pm IST

വേമ്പനാട്ടുകായലില്‍നിന്ന് മനുഷ്യാദ്ധ്വാനം മുഖേന പടുത്തുയര്‍ത്തപ്പെട്ടവയാണ് കുട്ടനാടന്‍ പാടശേഖരങ്ങള്‍. ആദ്യകാലങ്ങളില്‍ ഒരു പറ്റം ജന്മിമാര്‍ തൊഴിലാളികളെ കൊല്ലാക്കൊല ചെയ്ത് പടുത്തുയര്‍ത്തിയതാണ് കായല്‍ നിലങ്ങള്‍. ഇതിനെതിരെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പിന്തുണയില്‍ പോരാട്ടത്തിന്റെ വിത്തെറിഞ്ഞ് നേട്ടം കൊയതത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളായിരുന്നു. ഒടുവില്‍ പാര്‍ട്ടിക്കാര്‍ പുത്തന്‍പണക്കാരുടെ ദല്ലാള്‍ പണിയേറ്റെടുത്ത് കര്‍ഷകരെയും തൊഴിലാളികളെയും ഒറ്റു കൊടുത്ത ചരിത്രമാണ് കുട്ടനാടിന്റേത്. ആര്‍ ബ്‌ളോക്കില്‍ പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെ ഭൂമി ചതിച്ച് കൈവശപ്പെടുത്തി ടൂറിസം കുത്തകകള്‍ക്ക് അടിയറവച്ചത് സിപിഎം ഭരിക്കുന്ന കുട്ടമംഗലം സര്‍വീസ് സഹകരണ ബാങ്കായിരുന്നു. ഇപ്പോള്‍ മന്ത്രി തോമസ് ചാണ്ടിയുടെ ടൂറിസം കമ്പനി കൈവശപ്പെടുത്തിയ മാര്‍ത്താണ്ഡം കായല്‍ നിലങ്ങളുടെ കഥയും മറ്റൊന്നല്ല. കുട്ടനാട് കൈനകരി വില്ലേജില്‍ ബ്ലോക്ക് നാലില്‍ ടി.പി - 1062, 1066, 1084-ലെ ഏകദേശം 50 ല്‍ പരം സര്‍വ്വേ നമ്പരുകളില്‍ ഉള്‍പ്പെട്ട മാര്‍ത്താണ്ഡം കായല്‍, ഭൂരഹിതരായ ദുര്‍ബല ജനവിഭാഗത്തില്‍പ്പെട്ട കര്‍ഷക തൊഴിലാളികള്‍ക്ക് കൃഷി ചെയ്യുന്നതിനും വീട് നിര്‍മ്മിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി കൈമാറിയതായിരുന്നു. എന്നാല്‍ അധികാരവും പണവും ഉപയോഗിച്ച് മന്ത്രി തോമസ് ചാണ്ടിയുടേയും കുടുംബാംഗങ്ങളുടേയും ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഇവ കൈവശപ്പെടുത്തിയത് ദുരൂഹമായി അവശേഷിക്കുന്നു. സിപിഎമ്മിന്റെ ഉരുക്ക് കോട്ടയെന്ന് അവര്‍ അവകാശപ്പെടുന്ന കൈനകരിയില്‍ ഇത്തരത്തില്‍ പാവപ്പെട്ടവര്‍ക്ക് നല്‍കിയ ഭൂമി ഒരു മുതലാളി കൈവശപ്പെടുത്തണമെങ്കില്‍ അവരുടെ സഹായമില്ലാതെ കഴിയില്ല. കൃഷി ഭൂമിയും തണ്ണീര്‍ത്തടവുമായ ഭൂമി മണ്ണിട്ട് നികത്തുന്നതിലൂടെ 2008 ല്‍ നിയമസഭ പാസ്സാക്കിയ നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റേയും, ഹൈക്കോടതി വിധിയുടെയും ലംഘനമാണ് മന്ത്രി നടത്തിയത്. 217 കര്‍ഷകരാണ് സിപിഎം ഭരിക്കുന്ന കുട്ടനാട് സര്‍വീസ് സഹകരണ ബാങ്കും ടൂറിസം മാഫിയകളുമായുള്ള ഒത്തുകളിയില്‍ വഞ്ചിക്കപ്പെട്ടത്. ബാങ്ക് കര്‍ഷകരില്‍ നിന്ന് ലേലത്തിലൂടെ ഏറ്റെടുത്ത് മറിച്ചുവിറ്റ ആര്‍ ബ്ലോക്കിലെ 151 ഏക്കര്‍ കൃഷിഭൂമി കുത്തകകള്‍ക്ക് മറിച്ചുവില്‍ക്കുകയായിരുന്നു. ഇത് തിരികെ ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ റവന്യൂ സെക്രട്ടറിക്ക് 2014 ജൂണ്‍ 30ന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍ നടപടിയില്ല. ബാങ്കിന്റെ നടപടി പൂര്‍ണ്ണമായും നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കായല്‍ രാജാവ് മുരിക്കനില്‍നിന്ന് ആര്‍ ബ്ലോക്കില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 151.33 ഏക്കര്‍ ഭൂമി 217 കര്‍ഷകത്തൊഴിലാളികള്‍ക്ക് പിന്നീട് പതിച്ചുനല്‍കുകയായിരുന്നു. തുടര്‍ന്ന് സിപിഎം ഭരിക്കുന്ന കുട്ടമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷിചെയ്യാനും വീടുവയ്ക്കാനും പട്ടയം വാങ്ങി വായ്പ നല്‍കി. കൃഷിനാശവും മറ്റും കാരണം ഒരാളൊഴികെ മറ്റാര്‍ക്കും വായ്പ തിരിച്ചടയ്ക്കാനായില്ല. ഇതോടെ ബാങ്ക് ഭൂമി ജപ്തിചെയ്യുകയും ബാങ്കിന്റെ പേരില്‍തന്നെ ലേലം കൊള്ളുകയും ചെയ്തു. പിന്നീട് സ്വകാര്യ വ്യക്തിക്ക് ഈ ഭൂമി ബാങ്ക് മറിച്ചുവില്‍ക്കുകയായിരുന്നു. പ്രാദേശിക ഭൂപ്രകൃതിയനുസരിച്ച് കുട്ടനാടിനെ അപ്പര്‍ കുട്ടനാട് എന്നും ലോവര്‍ കുട്ടനാട് എന്നും രണ്ടായി തിരിക്കാം. ഇതില്‍ അപ്പര്‍ കുട്ടനാട് മുഖ്യമായും വേമ്പനാട്ട് കായലില്‍ പതിക്കുന്ന നദികള്‍ നിക്ഷേപിച്ച എക്കലും മണ്ണും അടിഞ്ഞ് രൂപപ്പെട്ടതാണ്. ചില പ്രദേശങ്ങളാകട്ടെ ആഴംകുറഞ്ഞ കായല്‍ ഭാഗങ്ങള്‍ നികത്തി രൂപപ്പെടുത്തിയവയും. എന്നാല്‍, ലോവര്‍ കുട്ടനാടന്‍ പ്രദേശങ്ങള്‍, പൂര്‍ണ്ണമായും ആഴംകൂടിയ കായല്‍ നിലങ്ങള്‍ നികത്തിയെടുക്കപ്പെട്ടുണ്ടായവയാണ്. ആയിരങ്ങളുടെ കഠിനാദ്ധ്വാനംകൊണ്ട് രൂപപ്പെട്ടവയാണ് ഇന്ന് കുട്ടനാട്ടില്‍ കൃഷിചെയ്യുന്ന കായല്‍നിലങ്ങള്‍. കായല്‍ നിലങ്ങളുടെ രൂപീകരണത്തില്‍ അന്നത്തെ തിരുവിതാംകൂര്‍ ഭരണകൂടത്തിന് നിര്‍ണ്ണായക സ്ഥാനമുണ്ട്. 1888ഓടുകൂടി കായല്‍ നികത്തലിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. കാവാലം വില്ലേജില്‍ ചാലയില്‍ തറവാട്ടില്‍ ഇരവി കേശവപ്പണിക്കര്‍ എന്ന ജന്മി, ചേന്നങ്കരി ആറ് കായലില്‍ പതിക്കുന്ന ആറ്റുമുഖത്ത് ചിറ കെട്ടി, കായല്‍ നികത്തലിന് തുടക്കം കുറിച്ചു. ഇങ്ങനെ രൂപംകൊണ്ട കായലില്‍ നിലത്തിന് ആറ്റുമുട്ടുകായല്‍ എന്ന് പേരുനല്‍കി. തുടര്‍ന്ന് പല കായല്‍ഭാഗങ്ങളും നികത്തി കൃഷിസ്ഥലങ്ങളാക്കിയ അദ്ദേഹം, പുളിങ്കുന്നു വില്ലേജിലെ മതികായലോടെ തന്റെ പ്രയത്‌നം അവസാനിപ്പിച്ചു. ഈ ഘട്ടത്തില്‍ രൂപംകൊണ്ട പ്രധാന കായല്‍ നിലങ്ങളാണ് കാവാലം വില്ലേജിലെ രാജാരാമപുരം, മാണിക്യമംഗലം കായലുകള്‍, കൈനകരി വില്ലേജിലെ ആറുപങ്ക് ചെറുകാലി കായല്‍ മുതലായവ. എന്നാല്‍, 1903ല്‍ അമിതമായ നികത്തല്‍ മൂലം കൊച്ചിതുറമുഖ കവാടത്തില്‍ മണ്ണടിഞ്ഞ് തുറമുഖത്തിന്റെ നിലനില്‍പ്പിന് ഭീഷണി ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്ന് കായല്‍ നികത്തല്‍ നിര്‍ത്തിവച്ചു. 1912ല്‍ കായല്‍ നികത്തുന്നതിനുള്ള നിരോധനം പിന്‍വലിച്ചതോടുകൂടി, നിലംനികത്തലിന്റെ മൂന്നാംഘട്ടം ആരംഭിച്ചു. പില്‍ക്കാലത്ത് കായല്‍ രാജാവ് എന്നറിയപ്പെട്ട മുരിക്കുമൂട്ടില്‍ തൊമ്മന്‍ ജോസഫ് എന്ന മുരിക്കന്‍, പ്രസിദ്ധമായ റാണി, ചിത്തിര, മാര്‍ത്താണ്ഡം കായലുകള്‍ നികത്തിയെടുത്തത് ഈ ഘട്ടത്തിലാണ്. കായല്‍ രാജാവ് എന്ന് മുരിക്കന്‍ ജോസഫിനെ കൊണ്ടാടുമ്പോള്‍ അടിമപ്പണി ചെയ്യേണ്ടി വന്ന പട്ടികജാതിക്കാരെയും കര്‍ഷകത്തൊഴിലാളികളെയും ബോധപൂര്‍വം വിസ്മരിക്കാനുള്ള ആസൂത്രിത ശ്രമങ്ങളും വിജയം കണ്ടു. 500 ചതുരശ്ര കിലോമീറ്ററോളം പ്രദേശം സമുദ്രനിരപ്പിനേക്കാള്‍ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് കുട്ടനാടിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പില്‍ നിന്നും 2.2 മീ താഴെ മുതല്‍ 0.6 മീ മുകളില്‍ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. ആയിരക്കണക്കിനു ആളുകളുടെ അധ്വാനഫലമാണ് കായല്‍നിലങ്ങള്‍. ആ പാടങ്ങളുണ്ടാക്കാന്‍ നിരവധി തൊഴിലാളികള്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ രണ്ട് ലോകയുദ്ധങ്ങള്‍ സൃഷ്ടിച്ച ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നല്‍കിയ പ്രേരണയാണ് കായല്‍നിലങ്ങളുടെ പിറവിക്കു പിന്നില്‍. തൊമ്മന്‍കായല്‍ നികത്തി ആയിരത്തിലേറെ ഏക്കര്‍ കൃഷിനിലം പുതുതായി ഉയര്‍ത്തിയാണ് മുരിക്കിന്‍മൂട്ടില്‍ ജോസഫ് ശ്രദ്ധേയനായത്. കുട്ടനാട്ടിലെ കാവാലം സ്വദേശിയായിരുന്നു ഇദ്ദേഹം. ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ കല്‍പനയുടെ പിന്‍ബലത്തിലാണ് കായല്‍ നികത്തി നെല്‍പാടങ്ങളുണ്ടാക്കിയത്. ചിത്തിര (716 ഏക്കര്‍), റാണി (568 ഏക്കര്‍), മാര്‍ത്താണ്ഡം (674 ഏക്കര്‍) എന്നിങ്ങനെ 1959 ഏക്കര്‍ ഭൂമിയോളം കായല്‍ നിലങ്ങള്‍ മുരിക്കന്‍ നികത്തിയെടുത്തു. ആയിരക്കണക്കിന് തൊഴിലാളികളാണ് പണിയെടുക്കാനുണ്ടായിരുന്നത്. പലരെയും ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും അടിമപ്പണിയെടുപ്പിച്ചു. 1940 ലായിരുന്നു ആദ്യ വിളവെടുപ്പ്. മുരിക്കന്‍ കായല്‍ നികത്തിയെടുത്ത സ്ഥലത്ത് പള്ളി സ്ഥാപിക്കാനും മറന്നില്ല. തന്റെ ഉദ്യമത്തിന് സര്‍വ്വവിധ പിന്തുണയും നല്‍കിയ അന്നത്തെ തിരുവിതാംകൂര്‍, റീജന്റ് റാണി സേതു ലക്ഷ്മീഭായിയോടുള്ള നന്ദിസൂചകമായാണ് അദ്ദേഹം താന്‍ നികത്തിയെടുത്ത കായല്‍ നിലങ്ങള്‍ക്ക് ഇപ്രകാരം നാമകരണം ചെയ്തത്. 1943 ഓടുകൂടി കുട്ടനാട്ടില്‍ കായല്‍ നികത്തല്‍ അവസാനിച്ചു. കുറഞ്ഞ കൂലിയുമായി ബന്ധപ്പെട്ട് പിന്നീട് തൊഴിലാളി പ്രസ്ഥാനങ്ങള്‍ മുരിക്കനെതിരെ സമരം ചെയ്തു. തുടര്‍ന്ന് 1973ല്‍ രാജ്യരക്ഷാനിയമം ഉപയോഗിച്ച് മുരിക്കന്റെ കായല്‍നിലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ആദ്യവര്‍ഷം സര്‍ക്കാര്‍ കൃഷി ലാഭമുണ്ടാക്കി. അടുത്ത രണ്ടുവര്‍ഷവും നഷ്ടമായി. 76ല്‍ കൂട്ടുകൃഷി സംഘങ്ങളുണ്ടാക്കി കൃഷി നടത്തിയിട്ടും ലാഭകരമായില്ല. പിറ്റേവര്‍ഷം ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ക്ക് അരഏക്കര്‍ പാടം വീതം നല്‍കി കൂട്ടുകൃഷി നടത്തി. പിന്നീട് പാട്ടക്കൃഷി പരീക്ഷിച്ചുവെങ്കിലും മാര്‍ത്താണ്ഡം ഒഴികെയുള്ള നിലങ്ങളില്‍ പരാജയപ്പെട്ടു. സമുദ്രനിരപ്പില്‍നിന്ന് താഴ്ന്ന പ്രദേശമായ കുട്ടനാട്ടിലെ കായല്‍ നിലങ്ങളില്‍ കൃഷി ചെയ്യുക അത്ര എളുപ്പമായിരുന്നില്ല. ഭൂമി നല്‍കിയതല്ലാതെ കൃഷി ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും സര്‍ക്കാര്‍ നല്‍കിയതുമില്ല. 1992ല്‍ വര്‍ഷക്കാലത്ത് കുട്ടനാട്ടിലെ ജലനിരപ്പ് ക്രമാതീതമായുയര്‍ന്നു. അന്നത്തെ പ്രളയത്തില്‍ റാണിയുടേയും ചിത്തിരയുടേയും പുറംബണ്ടുകള്‍ പൂര്‍ണ്ണമായും നശിച്ചു. പിന്നീട് ഈ ബണ്ടുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാരോ കൃഷി വകുപ്പോ മുന്‍കയ്യെടുത്തില്ല. ബണ്ടില്ലാതായതോടെ കായല്‍ കയറിയ നിലങ്ങളില്‍ കൃഷിയിറക്കാനാവാത്തതിനാല്‍ കര്‍ഷകര്‍ കൃഷിയില്‍ നിന്ന് പിന്‍വാങ്ങി. ഇരുന്നൂറോളം കര്‍ഷകരാണ് റാണി, ചിത്തിര കായല്‍ നിലങ്ങളുടെ ഉടമകളായിരുന്നത്. കൃഷി ഇല്ലാതായതോടെ ഇവരില്‍ പലരും കുട്ടനാട്ടില്‍നിന്ന് കുടുംബത്തോടെ താമസം മാറി. ചിത്തിരയിലും റാണിയിലും അടിത്തട്ടിലെ കക്ക വാരല്‍ തുടങ്ങിയതോടെ ബണ്ടുകള്‍ തകര്‍ന്നു. തുടര്‍ന്ന് കായല്‍ നിലങ്ങളിലെ കൃഷി ഉപേക്ഷിക്കപ്പെടുകയായിരുന്നു. റാണി, ചിത്തിരകയലുകളില്‍ ഇപ്പോള്‍ സര്‍ക്കാര്‍ സഹായത്തോടെ കൃഷി തുടങ്ങിയിട്ടുണ്ട്. 22 വര്‍ഷങ്ങള്‍ക്കുശേഷം 2014ല്‍ ചിത്തിര കായലില്‍ വിത്തിറക്കി. കഴിഞ്ഞ ഒക്‌ടോബറില്‍ റാണയിലും കൃഷി ആരംഭിച്ചു. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി റാണി, ചിത്തിര കായലുകളുടെ പുറംബണ്ട് പൈല്‍ ആന്‍ഡ് സ്ലാബ് ഉപയോഗിച്ച് ബലപ്പെടുത്തിയതാണ് കൃഷിക്ക് സഹായകമായത്. ചിത്തിരയില്‍ ഇപ്പോഴും 200 ഏക്കറോളം ഭൂമി കൃഷി ചെയ്യാതെ കിടക്കുകയാണ്. കേരള നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം പറയുന്നത് കേരളത്തിലെ നെല്‍വയലുകളെയും നീര്‍ത്തടങ്ങളെയും അനിയന്ത്രിതമായ നികത്തലുകളില്‍ നിന്നും, രൂപാന്തരപ്പെടുത്തലുകളില്‍ നിന്നും സംരക്ഷിക്കാന്‍ കൊണ്ടുവന്ന നിയമമാണ് 'കേരള നെല്‍വയലും നീര്‍ത്തടവും സംരക്ഷണ നിയമം - 2008.' കേരളത്തിലെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിര്‍ത്തുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ഈ നിയമം കൊണ്ടുവന്നത്. ഇന്ത്യയില്‍തന്നെ ആദ്യമായാണ് നെല്‍വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും സംരക്ഷിക്കാനുള്ള ഒരു നിയമമുണ്ടായത്. ഈ നിയമത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍, ഐക്യരാഷ്ട്രസഭയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടത് കേരളത്തിനു മാത്രമല്ല ഈ നിയമം വേണ്ടത്, ലോകത്തിനുതന്നെ ഇത്തരമൊരു നിയമത്തിന്റെ ആവശ്യകതയുണ്ടെന്നാണ്. നാടിന്റെ ഭാവിയെ മുന്‍നിര്‍ത്തി, പിതാമഹന്മാരില്‍നിന്ന് നമുക്ക് കൈമാറിവന്ന ഭൂമി, വലിയ പരിക്കുകളൊന്നുമില്ലാതെ അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതുണ്ടെന്ന തിരിച്ചറിവില്‍ മാനവികമായ ഉള്‍ക്കാഴ്ചയോടെ കൊണ്ടുവന്ന നിയമമാണ് നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമം. ഈ നിയമം പ്രാബല്യത്തിലായതോടെ അതിലെ വ്യവസ്ഥകള്‍ക്ക് വിധേയമായല്ലാതെ കേരളത്തില്‍ നെല്‍വയലുകള്‍ നികത്തുന്നതോ, രൂപാന്തരപ്പെടുത്തുന്നതോ നിരോധിക്കുകയുണ്ടായി. എന്നാല്‍, നെല്‍വയലിന്റെ പാരിസ്ഥിതിക സ്വഭാവത്തിന് മാറ്റം വരുത്താത്തരീതിയില്‍ ഇടവിളകള്‍ കൃഷിചെയ്യുന്നതിനോ, വയല്‍ സംരക്ഷണത്തിനായുള്ള പുറംബണ്ടുകള്‍ നിര്‍മ്മിക്കുന്നതിനോ വകുപ്പ് ആറിലെ നിരോധനം തടസ്സമാകുന്നില്ല. ഈ നിയമം നിലവില്‍ വന്നതുമുതല്‍ കേരളത്തിലെ നീര്‍ത്തടങ്ങള്‍ എങ്ങനെയാണോ നിലനില്‍ക്കുന്നത് അപ്രകാരം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അവ നികത്തുന്നതും, അവയില്‍നിന്ന് മണല്‍ വാരുന്നതും സമ്പൂര്‍ണ്ണമായി നിരോധിച്ചു. എന്നാല്‍ നീര്‍ത്തടങ്ങളുടെ സംരക്ഷണാര്‍ത്ഥം അവയില്‍നിന്ന് എക്കലും ചെളിയും നീക്കംചെയ്യുന്നതിന് നിരോധനം തടസ്സമാകുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.