സ്വത്ത് തട്ടിപ്പ് കേസ്: പ്രതികള്‍ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

Tuesday 22 August 2017 10:34 pm IST

കണ്ണൂര്‍: സഹകരണവകുപ്പ് മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.ബാലകൃഷ്ണന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് വ്യാജരേഖയുണ്ടാക്കി കോടികളുടെ സ്വത്തുക്കള്‍ തട്ടിയെടുത്ത കേസില്‍ റിമാന്റില്‍ കഴിയുന്ന പയ്യന്നൂര്‍ ബാറിലെ അഭിഭാഷക കെ.വി.ശൈലജ, ഭര്‍ത്താവ് പയ്യന്നൂര്‍ തായിനേരിയിലെ കൃഷ്ണകുമാര്‍ എന്നിവരെ പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനും സംഭവ സ്ഥലത്ത് കൊണ്ടുപോയി തെളിവടുക്കുന്നതിനും വേണ്ടി പയ്യന്നൂര്‍ സിഐ എം.പി.ആസാദി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. പത്ത് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്. പ്രതികളെ തിരുവനന്തപുരം, കര്‍ണ്ണാടക, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി തളിവെടുപ്പ് നടത്തും. ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും വ്യാജ വിവാഹ രേഖകളുണ്ടാക്കുന്നതിനും ഉദ്യോഗസ്ഥ തലത്തില്‍ ഏതെങ്കിലും തരത്തിലുള്ള വഴിവിട്ട സഹായങ്ങള്‍ പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ബാലകൃഷ്ണനെ പ്രതികള്‍ കൊലപ്പെടുത്തിയതാണെന്ന ബന്ധുക്കളുടെ ആരോപണവും പോലീസ് വിശദമായി പരിശോധിക്കും. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ ഇതു സംബന്ധിച്ച് വ്യക്തമായ തളിവുകള്‍ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിന തുടര്‍ന്ന് കഴിഞ്ഞ 18 നാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ മുന്‍പാകെ പ്രതികള്‍ കീഴടങ്ങിയത്.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.