റാങ്ക് ലിസ്റ്റില്‍ കൂടുതല്‍ വനിതകള്‍ ബിഎഫ്ഒ: ഒഴിവുകള്‍ നികത്താന്‍ സാധിക്കുന്നില്ല

Wednesday 23 August 2017 9:39 am IST

പുനലൂര്‍: പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ കൂടുതല്‍ വനിതകളായതിനാല്‍ വനംവകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ സാധിക്കുന്നില്ല. ഫെബ്രുവരിയിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. മുന്‍പ് ബിഎഫ്ഒ തസ്തികകളില്‍ പുരുഷന്മാരെ മാത്രമേ റിക്രൂട്ട് ചെയ്തിട്ടുള്ളൂ. സ്ത്രീകള്‍ക്കും ബിഎഫ്ഒ തസ്തികയില്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് പിഎസ്‌സിയുടെ നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ എഴുത്തുപരീക്ഷയില്‍ പുരുഷന്മാര്‍ക്കൊപ്പം വനിതകളും റാങ്ക് ലിസ്റ്റില്‍ കടന്നു. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി കായികക്ഷമതാ പരീക്ഷ നടത്തി. പുരുഷന്മാരുടെ കായികക്ഷമത കടുപ്പിച്ചപ്പോള്‍ പട്ടികയിലുണ്ടായിരുന്ന പുരുഷന്മാരില്‍ പകുതിയിലധികവും പുറത്തായി. വനിതകള്‍ക്കുള്ള കായിക ക്ഷമതാ പരീക്ഷ പേരിനുവേണ്ടി നടത്തിയപ്പോള്‍ പട്ടികയിലുള്ള മുഴുവന്‍ വനിതകളും റാങ്ക് ലിസ്റ്റിലായി. 14 ജില്ലകളിലും റാങ്ക് ലിസ്റ്റിില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ്. ഇവരെ ഉപയോഗിച്ച് എങ്ങനെ വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് വനംവകുപ്പ് അധികാരികള്‍. ഇരുപത്തിനാലു മണിക്കൂറും ജോലിചെയ്യേണ്ടവരാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍. റെയ്ഞ്ച് സ്റ്റേഷനുകള്‍, ഫോറസ്റ്റ് സെക്ഷനുകള്‍, റെയ്ഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയിലെ ഡ്യൂട്ടി ഉള്‍പ്പെടുന്നു. ഉള്‍വനങ്ങളിലെ ക്യാമ്പ് ഷെഡ്ഡുകളിലും കാവല്‍പുരകളിലും തങ്ങി ഉള്‍വനങ്ങള്‍ പരിശോധിച്ച് കുറ്റകൃത്യങ്ങളില്ലെന്ന് ബോധ്യപ്പെടേണ്ട ഡ്യൂട്ടികളും ഉള്‍പ്പെടുന്നുണ്ട്. ഇത്തരം ജോലികളില്‍ നല്ല ആരോഗ്യമുള്ള പുരുഷന്മാര്‍ പോലും പിടിച്ചുനില്‍ക്കാന്‍ പലപ്പോഴും പാടുപെടുന്നുണ്ട്. വനിതകള്‍ക്ക് നിശ്ചിത ശതമാനം സംവരണം ചെയതാല്‍ മതിയായിരുന്നു. ഇപ്പോള്‍ വനംവകുപ്പില്‍ നിയമിച്ചിട്ടുള്ള വനിതാ ബിഎഫ്ഒമാരെ രാവിലെ 10ന് ഡ്യൂട്ടിക്ക് ഹാജരാക്കിയശേഷം വൈകിട്ട് അഞ്ചിന് വീട്ടില്‍പോകാന്‍ അനുവദിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.