ന്യൂദല്‍ഹി: ഒറ്റദിവസം 9500 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രം സൃഷ്ടിക്കുന്നു. ആഗസ്റ്റ് 29ന് രാജസ്ഥാനിലെ ഉദയ്പൂരിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 9500ലധികം റോഡ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
പ്രധാനമന്ത്രി ഗ്രാം സഡക് യോജനയില്‍ (പിഎംജിഎസ്വൈ) നിര്‍മ്മിച്ച ദേശീയ, സംസ്ഥാന, ഗ്രാമീണ പാതകളും സംസ്ഥാനത്തിന്റെ അഭിമാന പദ്ധതികളുമാണ് മോദി ഉദ്ഘാടനം ചെയ്യുക. പദ്ധതികള്‍ക്കായി 27000 കോടിയിലധികം രൂപയാണ് ചിലവഴിക്കുന്നത്. രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ, കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
3,000 കിലോമീറ്റര്‍ വരുന്ന 109 റോഡ് പദ്ധതികള്‍ക്ക് പണം മുടക്കുന്നത് ദേശീയപാത അതോറിറ്റി (എന്‍എച്ച്എഐ)യാണ്. 15,000 കോടി രൂപ ചെലവ് കണക്കാക്കുന്നു. പണി പൂര്‍ത്തിയായ 11 ദേശീയപാത പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യുന്നവയില്‍ ഉള്‍പ്പെടുന്നു.
873 കിലോമീറ്റര്‍ നീളമുള്ള ഈ പദ്ധതികളില്‍ ചമ്പാല്‍ നദിക്കു കുറുകെയുള്ള ആറുവരിപ്പാതയും ഉള്‍പ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പിഎംജിഎസ്വൈയുടെയും രാജസ്ഥാന് റോഡ് സെക്ടര്‍ മോഡേണൈസേഷന് പ്രോജക്ടിന്റെയും ഗ്രാമീണ ഗൗരവ് പാത്തിന്റെയും ഭാഗമായിട്ടാണ് റോഡുകള്‍ നിര്‍മ്മിക്കുന്നത്.
31 പദ്ധതികള്‍ ബിഒട്ടി മാതൃകയില്‍ ഉള്ളതാണ്. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനകര്‍മ്മവും കല്ലിടല്‍ കര്‍മ്മവും നിര്‍വ്വഹിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വന്‍ ജനാവലിയെ അഭിസംബോധന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: