ശൈലജയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹം

Wednesday 23 August 2017 11:15 am IST

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തുടര്‍ച്ചയായി കോടതി കുറ്റപ്പെടുത്തിയിട്ടും സര്‍ക്കാരിന്റെ മൗനം അത്ഭുതപ്പെടുത്തുന്നുവെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, ബാലാവകാശ കമ്മീഷന്‍ നിയമനം എന്നീ വിഷയങ്ങളില്‍ ശൈലജയ്ക്ക് സ്വന്തം താല്പര്യമാണ് ഉണ്ടായിരുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മന്ത്രി നോട്ടെഴുതിക്കൊടുത്ത് കൂടിയാലോചനയില്ലാതെ സ്വന്തക്കാരെയും ഇഷ്ടക്കാരെയും തിരുകി കയറ്റുകയാണ്​. ഇതു തന്നെയാണ്​ ജയരാജനും ചെയ്തിരുന്നതെന്നും രമേശ്​ ചെന്നിത്തല ആരോപിച്ചു. തല്‍പ്പരകക്ഷികളുടെ താളത്തിനൊത്ത് തുള്ളിയ ഈ സര്‍ക്കാര്‍ കുറ്റവാളിയായാണ് ഇപ്പോള്‍ ജനങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്. ജനാധിപത്യത്തില്‍ എക്സിക്യുട്ടീവ് പരാജയപ്പെടുമ്പോഴാണ് ജുഡീഷറി ഇടപെടുന്നതെന്നും ചെന്നിത്തല പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ പ്രശ്നം പരിഹാരിക്കാത്ത സര്‍ക്കാര്‍ നടപടി കണ്ടാണ്​ഹൈക്കോടതി തീരുമാനമെടുത്തത്​. മെഡിക്കല്‍ ദന്തല്‍ പ്രവേശന നടപടികള്‍ ഹൈക്കോടതിയാണ് തീരുമാനിച്ചത്​. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഹൈക്കോടതി ചെയ്യേണ്ടി വന്നത്​സര്‍ക്കാറിന്​ഉത്തരവാദിത്തമില്ലാത്തതു കൊണ്ടാണ്​. സര്‍ക്കാറിന്റെ പിടിപ്പുകേടും കഴിവുകേടുമാണ്​ഇത്​കാണിക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.