ട്രെയിനിനു മുകളില്‍ മരം വീണു; റെയില്‍ ഗതാഗതം തടസപ്പെട്ടു

Wednesday 23 August 2017 10:19 pm IST

കോട്ടയം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണതിനെ തുടര്‍ന്ന് തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ നാലര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ രാവിലെ 11.15ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസിന്റെ മുകളിലേക്കാണ് മരം വീണത്. ചിങ്ങവനത്തിന് സമീപം പൂവന്‍തുരുത്തിലായിരുന്നു സംഭവം. കഴിഞ്ഞ ആഴ്ച നാഗമ്പടത്തിന് സമീപം മരം പാളത്തില്‍ വീണ് ഗതാഗതം മുടങ്ങിയിരുന്നു. പാളത്തിന് മുകളില്‍ കൂടി പോയ വൈദ്യുതി ലൈനുകള്‍ മരം വീണ് പൊട്ടി. ലൈനില്‍ നിന്ന് ട്രെയിനിന്റെ എന്‍ജിനിലേക്ക് വൈദ്യുതി എത്തിക്കുന്ന രണ്ട് പാന്റോഗ്രാഫുകളില്‍ ഒരെണ്ണം തകരാറിലായി. ഇതോടെ ട്രെയിന്‍ നിര്‍ത്തിയിട്ടു. പിന്നാലെ തിരുവനന്തപുരം ഭാഗത്തേക്കും എറണാകുളത്തിനുമുള്ള ട്രെയിനുകളും വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. പാന്റോഗ്രാഫിന്റെയും ലൈനുകളുടെയും തകരാര്‍ പരിഹരിച്ച് നാല് മണിയോടെയാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. ചിങ്ങവനം ഭാഗത്ത് പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്കായി മണ്ണെടുക്കുന്നുണ്ടായായിരുന്നു. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റിയ സ്ഥലത്തുണ്ടായിരുന്ന മരമാണ് ട്രെയിനിന് മുകളിലേക്ക് വീണതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് 12.05ന് പോവേണ്ട ജയന്തി ജനതയ്ക്ക് 4.30യോടെ മാത്രമെ യാത്ര തുടങ്ങാന്‍ കഴിഞ്ഞുള്ളു. ന്യൂദല്‍ഹി കേരളാ എക്‌സ്പ്രസ്, ശബരി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ രണ്ടര മണിക്കൂറോളം വൈകിയാണ് യാത്ര തുടര്‍ന്നത്. പാസഞ്ചര്‍ ട്രെയിനുകളും വൈകി. ഉച്ചയ്ക്ക് ഒന്നരയ്ക്ക് എറണാകുളം പാസഞ്ചര്‍ രണ്ട് മണിക്കൂറോളം താമസിച്ചാണ് പുറപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.