ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമം പതികള്‍ക്ക് പോലീസിന്റെ വഴിവിട്ട പരിഗണന

Wednesday 23 August 2017 3:32 pm IST

ശാസ്താംകോട്ട: ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് പോലീസ് നല്‍കിയത് വഴിവിട്ട പരിഗണന. പനപ്പെട്ടിയില്‍ കഴിഞ്ഞ 15ന് രാത്രിയാണ് പ്രദേശത്തെ സിപിഎം ക്രിമിനലായ ഹരിയുടെ നേതൃത്വത്തില്‍ പത്തംഗസംഘം ആര്‍എസ്എസ് പ്രവര്‍ത്തകനായ വിലാസ്, ശ്രീനാഥ്, മംഗളന്‍ എന്നിവരെ പതിയിരുന്ന് ആക്രമിച്ചത്. വെട്ടുകയും കമ്പിവടികൊണ്ട് അടിയുമേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകരെ ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതികളെ പിടികൂടാന്‍ പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് തുടക്കത്തില്‍തന്നെ പരാതി ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പ്രതികളെ നാടകീയമായി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയത്. വൈകിട്ട് ഹാജരാക്കിയ പ്രതികളെ രാത്രിതന്നെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് വധശ്രമവും ആംഡ് ആക്ടും ചാര്‍ത്തിയ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കാതിരുന്നതും സിപിഎം നേതാക്കളുടെ ഇടപെടല്‍ കൂടുതല്‍ വ്യക്തമാക്കുന്നു. വളരെ തന്ത്രപരമായി ആസൂത്രണം ചെയ്ത് നടത്തിയ അക്രമത്തിലെ പ്രതികള്‍ക്ക് പോലീസ് രാജകീയപരിഗണന നല്‍കിയതിനെതിരെ ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് ആര്‍എസ്എസ് നേതൃത്വം അറിയിച്ചു. പനപ്പെട്ടി ഇഞ്ചക്കര പ്രദേശങ്ങളില്‍ ഏറെനാളായി പ്രശ്‌നങ്ങള്‍ക്ക് ശ്രമിക്കുകയും ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന ഈ ക്രിമിനല്‍ സംഘങ്ങള്‍ അടുത്തിടെയാണ് ഡിവൈഎഫ്‌ഐയില്‍ അംഗത്വം എടുക്കുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ പങ്കെടുത്ത പൊതുയോഗത്തിലാണ് ഇവര്‍ക്ക് അംഗത്വം നല്‍കിയത്. തുടര്‍ന്ന് ഈ സംഘം കാട്ടിവന്ന ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ക്കെല്ലാം സിപിഎം പ്രാദേശികനേതൃത്വം പിന്തുണ നല്‍കി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയാല്‍ പ്രദേശത്ത് വീണ്ടും ജനജീവിതത്തിന് ഭീഷണിയാകും എന്ന ഭീതിയിലാണ് നാട്ടുകാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.