ക്ഷേമ പെന്‍ഷന്‍ 15 ദിവസത്തിനുള്ളില്‍ വിതരണം ചെയ്യണം; ഗുണഭോക്താക്കളില്‍ നിന്ന് പണം ഈടാക്കരുത്

Wednesday 23 August 2017 8:00 pm IST

കൊല്ലം: സഹകരണ ബാങ്കുകളില്‍ എത്തുന്ന സാമൂഹ്യക്ഷേമ പെന്‍ഷന്‍ തുക 15 ദിവസത്തിനുള്ളില്‍ വിതരണം ചെയ്യണമെന്നും സമയപരിധിക്കുള്ളില്‍ തുക വിതരണം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ സഹകരണവകുപ്പ് ജില്ലാ ജോ.രജിസ്ട്രാര്‍മാരുടെ സ്‌പെഷ്യല്‍ ടിഎസ്ബി അക്കൗണ്ടിലേക്ക് തിരിച്ചടയ്ക്കണമെന്നും സര്‍ക്കാര്‍ ഉത്തരവ്. പിന്നീട് ഈ തുക ഗുണഭോക്താക്കളുടെ അക്കൗണ്ട് വഴി വിതരണം ചെയ്യും. സഹകരണ ബാങ്കുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തില്‍ കാലതാമസവും ക്രമക്കേടും ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയത്. ഒരു ഗുണഭോക്താവിന് പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ 50 രൂപവീതം സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്നുണ്ട്. അതിനാല്‍ പെന്‍ഷന്‍ വിതരണത്തിന്റെ പേരില്‍ ഗുണഭോക്താക്കളില്‍ നിന്നും പണം ഈടാക്കരുതെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ നല്‍കുന്ന 50 രൂപയില്‍ 20 രൂപ സഹകരണസംഘത്തിനും 30 രൂപ വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥനുമാണ്. എന്നാല്‍ ഇത് മറച്ച് പിടിച്ച് വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഗുണഭോക്താക്കളില്‍ നിന്നും പണം ഈടാക്കുന്നു. ഇതോടൊപ്പം സിപിഎം വലിയതോതില്‍ ഗുണഭോക്താക്കളില്‍ നിന്ന് പണം ഇടാക്കുന്നതായും ആരോപണമുണ്ട്. ഭൂരിഭാഗം സഹ.സംഘങ്ങളും ഭരിക്കുന്നത് ഇടതുപക്ഷമാണ്. അതിനാല്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നത് ഇവരുടെ നേതൃത്വത്തിലാണ്. കഴിഞ്ഞ തവണ വിതരണം ചെയ്തപ്പോള്‍ പലരെയും പാര്‍ട്ടി പത്രത്തിന്റെ വരിക്കാരാക്കി. ഇപ്പോള്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്ന പല സ്ഥലത്തും നായനാര്‍ ഫണ്ടിലേക്ക് തുക വാങ്ങുന്നു. 500-1000രൂപ വരെ ഇത്തരത്തില്‍ വാങ്ങുന്നു. ഫലത്തില്‍ ഒരു രൂപപോലും കുറയാതെ ബാങ്ക് വഴി ലഭിച്ചിരുന്ന പെന്‍ഷന്‍ സഹകരണസംഘങ്ങളിലൂടെ ലഭിക്കുമ്പോള്‍ പകുതി തുകയോളം നഷ്ടമാകുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.