ആ ചെറുപുഞ്ചിരിക്കുമപ്പുറം

Wednesday 23 August 2017 8:43 pm IST

ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട, ശതാഭിഷിക്തന്‍ എം.ടി. വാസുദേവന്‍നായര്‍ക്ക് ഞാനും ആരാധകരോടൊപ്പം ദീര്‍ഘായുസ്സും മംഗളാശംസയും നേരുകയാണ്. ഇപ്പോള്‍ ഓര്‍മ്മവരുന്നത് എംടി എഴുതിയ 'ഒരു പിറന്നാളിന്റെ ഓര്‍മ്മ' എന്ന കഥയാണ്. കൂട്ടുകുടുംബത്തില്‍ അമ്മാവന്റെ ഔദാര്യത്തില്‍ വേണം കഥാകാരന് സ്വന്തം പിറന്നാള്‍ ആഘോഷിക്കാന്‍. ചോദിക്കാന്‍ വയ്യ. തച്ചാലോ എന്ന ഭയം. അമ്മാവന്റെ മകന്റെ പിറന്നാള്‍ കേമമായി ആഘോഷിച്ചത് കണ്ടു. തന്റെ പിറന്നാളും ഇതേപോലെ വേണ്ടെ. അമ്മയുടെ ആവശ്യം അമ്മാവന്‍ തള്ളി. എംടി ചുട്ടുപൊള്ളുന്ന വാക്കുകളില്‍ എഴുതി- ''ആ പിറന്നാള്‍ ദിവസം ഞാന്‍ കുളിച്ചില്ല. അമ്മ എന്നെ നിര്‍ബന്ധിച്ചതുമില്ല. അതില്‍പ്പിന്നെ പിറന്നാളുകള്‍ കടന്നുപോയി. ഇന്ന് അമ്മയും അമ്മാവനും മുത്തശ്ശിയുമില്ല. ഇരുട്ട് നുഴഞ്ഞുകയറുന്ന അന്തരീക്ഷത്തിലേക്ക് കണ്ണോടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തുപോവുന്നു: നാളെ എന്റെ പിറന്നാളാണ്.'' പിന്നീട് ലോകപ്രശസ്തനായി മാറിയ എണ്‍പത്തിനാലുകാരന്‍ നമ്മുടെ പ്രിയ കഥാകാരന്‍ ഇപ്പോള്‍ നടന്ന പിറന്നാളില്‍ ഒരഭിമുഖത്തില്‍ പറയുന്നു- ''പഠിക്കണകാലത്ത് തന്നെ പിറന്നാളാഘോഷം ഇല്ല. ഇപ്പോള്‍ രാവിലെ മുതല്‍ ആളുകള്‍ വീട്ടില്‍ വന്നുപോകും. ഫോണ്‍ വരും. ഞാന്‍ അറ്റന്‍ഡ് ചെയ്യാറില്ല. അതുകൊണ്ട് ആ ബുദ്ധിമുട്ട് ഇല്ല. പിറന്നാള്‍ ദിവസം നക്ഷത്രത്തിന് സന്ധ്യയ്ക്ക് ഇവിടെ പൂജയുണ്ട്. അത് ഇക്കുറിയും ഉണ്ട്.'' ഇപ്പോള്‍ നാട് ആ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ കഥാകാരന്‍ മാത്രം ആള്‍ക്കൂട്ടത്തില്‍നിന്ന് ഒഴിയുന്നു. പൊതുവെ ആളുകളോട് ലോഹ്യം പ്രകടിപ്പിക്കാനും ചിരിക്കാനും മടിയുള്ള ആളാണ് എംടിയെന്നാണ് സംസാരം. പക്ഷെ എന്റെ അനുഭവം വേറെയാണ്. അതൊരു മറക്കാനാവാത്ത അനുഭവമാണെനിക്ക്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളം ടൗണ്‍ഹാളില്‍ എന്റെ പുസ്തക പ്രകാശനച്ചടങ്ങ്. എന്റെ ആത്മകഥ 'നിലയ്ക്കാത്ത സിംഫണി' പ്രകാശനം ചെയ്യുന്നത് എംടി. നാലുമണിക്കാണ് ചടങ്ങ്. പലരും പറഞ്ഞു, ഇത് പറ്റിയ സമയമല്ല. ആളുകള്‍ കുറയും. കുറെ വൈകി ആറുമണിക്ക് മതി. പക്ഷെ ഞാന്‍ സമ്മതിച്ചില്ല. ആ സമയത്ത് എറണാകുളത്ത് എംടി പങ്കെടുക്കുന്ന സിനിമക്കാരുടെ സംഘടന മാക്ടയുടെ വക സ്വീകരണച്ചടങ്ങുണ്ട്. എംടി നാലുമണിക്കു തന്നെ ടൗണ്‍ഹാളില്‍ എത്തി. പലരുടേയും മുന്‍ധാരണ തെറ്റിച്ചുകൊണ്ട് നഗരപ്രമുഖരും ജനപ്രതിനിധികളും പത്രസുഹൃത്തുകളും ഉള്‍പ്പെടെ വലിയൊരു സദസ്സ് നേരത്തെ ഹാളില്‍ ഇടംപിടിച്ചിരുന്നു; എംടിയുടെ പ്രസംഗം കേള്‍ക്കാനും കാണാനും എത്തിയവര്‍. കൃത്യസമയത്ത് യോഗം തുടങ്ങി. വന്നവഴി എന്റെ അടുത്തിരുന്ന എംടി പുഞ്ചിരിയോടെ എന്റെ ആരോഗ്യത്തെക്കുറിച്ച് തിരക്കി. പുസ്തകത്തെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. ചടങ്ങില്‍ പുസ്തകം പരിചയപ്പെടുത്തിയത്, പുസ്തകത്തിന് 'നിലയ്ക്കാത്ത സിംഫണി' എന്ന് പേരിട്ട പ്രശസ്ത പത്രപ്രവര്‍ത്തകനും എന്റെ ബന്ധുവും കൂടിയായ രവി കുറ്റിക്കാട്ടാണ്. രവി രസകരമായി പുസ്തകം അവതരിപ്പിക്കുന്നത് എംടി കൗതുകത്തോടെ കേട്ടിരുന്നു. തമാശകേട്ട് ഇടയ്ക്ക് ചിരി. വേദിയിലും സദസ്സിലും അതും പലരിലും കൗതുകം ഉണര്‍ത്തുന്നത് ഞാന്‍ കണ്ടു. രവി പറഞ്ഞു: ''വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലീലചേച്ചിക്കും എംടിയുടെ ഒരനുഭവമുണ്ടായി. രോഗബാധിതയായി ചേച്ചി കോട്ടയത്ത് ആശുപത്രിയില്‍ കിടന്നു. ഏറിയാല്‍ രണ്ടാഴ്ചയിലെ ജീവിതമാണ് ചേച്ചിക്ക് ഡോക്ടര്‍മാര്‍ നല്‍കിയത്. ഇത് കേട്ടപ്പോള്‍ ഞങ്ങള്‍ ചേച്ചിയുടെ ചരമക്കുറിപ്പ് തയ്യാറാക്കി വച്ച് കാത്തിരുന്നു. പിന്നീടത് ചേച്ചിയെ വായിച്ചു കേള്‍പ്പിച്ച് ഞാനത് കീറിക്കളഞ്ഞു. എംടിക്കും ഇതേപോലെ ഒരനുഭവം ഉണ്ടായതായി കേട്ടിട്ടുണ്ട്. ശരിയോ എന്നറിയില്ല, പിന്നീട് ആ കുറിപ്പ് എംടിയുടെ മേശക്കകത്ത് ആരോ വച്ചത് എംടി തന്നെ കണ്ടുവെന്നും വായിച്ചു തെറ്റുകള്‍ തിരുത്തിയെന്നും പത്രലോകത്തെ കഥ. എംടി ആ സംഭവം 'സുകൃതം' എന്ന പേരില്‍ തിരക്കഥയാക്കി. ലീലചേച്ചി ഇപ്പോള്‍ ഇതാ, ഈ പുസ്തകത്തിന്റെ പേജുകളില്‍ എഴുതിച്ചേര്‍ത്തു. ഇങ്ങനെയൊരു സാമ്യത ഇരുവരും തമ്മിലുണ്ട്.'' സദസ്സിന്റെ കയ്യടിച്ചുകൊണ്ടുള്ള ചിരിയില്‍ എംടിയും പങ്കുചേര്‍ന്നു. ആ അപൂര്‍വരംഗം പത്രക്കാരുടെ ക്യാമറയില്‍ ഒപ്പിയെടുത്തിരുന്നു. അങ്ങനെയൊരു പ്രസരിപ്പിന്റെ അന്തരീക്ഷത്തില്‍ പുസ്തകപ്രകാശനത്തിനുശേഷം എംടി ചെയ്ത പ്രസംഗം എനിക്ക് നല്‍കിയ പുരസ്‌കാരം കൂടിയായിരുന്നു. അദ്ദേഹം പറഞ്ഞു- ''ഒരു പുസ്തകത്തിന്റെ വില്‍പ്പനയ്ക്കും പ്രചാരണത്തിനും അതിന്റെ പേരിന് വലിയ പ്രാധാന്യമുണ്ട്. ഇവിടെ പ്രകാശനം ചെയ്ത പുസ്തകത്തിന്റെ പേര്‍ - നിലയ്ക്കാത്ത സിംഫണി-എനിക്ക് കൗതുകകരമായി തോന്നി. ഞാന്‍ അനുമോദിക്കുന്നു.'' തുടര്‍ന്ന് എന്റെ ആത്മകഥയില്‍ അദ്ദേഹത്തെ സ്പര്‍ശിച്ച ചില കാര്യങ്ങള്‍ വിശദീകരിച്ചു. ഇനിയും എന്തെങ്കിലുമൊക്കെ എഴുതി പ്രസിദ്ധീകരിക്കാനുള്ള ആത്മധൈര്യം എനിക്ക് നിറയെ നല്‍കിയാണ് എംടി വേദിവിട്ടത്. ചിരിച്ചുകൊണ്ട്, അനുമോദനങ്ങളോടെ നടന്നുനീങ്ങിയ അദ്ദേഹത്തെ നോക്കി ഞാന്‍ മനസ്സില്‍ ആരാഞ്ഞു, ആരാണ് പറഞ്ഞത് ഈ മനുഷ്യന്‍ ചിരിക്കില്ലെന്ന്. നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും നെഞ്ചിലേറ്റുകയും ചെയ്യുന്ന നിരവധി കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന ഈ മനുഷ്യന്‍ സംതൃപ്തി കണ്ടെത്തുന്നത് സ്വയം സമര്‍പ്പിതമായ പ്രവൃത്തിയിലൂടെയാണ്. ഇതുതന്നെയാണ് ഒരു പുഞ്ചിരിയെക്കാള്‍ അപ്പുറമുള്ള ആ മനുഷ്യന്റെ വലിപ്പവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.