ഉരുള്‍പൊട്ടല്‍: മരണം ആറായി

Monday 20 August 2012 9:54 am IST

കോതമംഗലം: കടവൂരിലെ നാലാം ബ്ലോക്കില്‍ വെള്ളിയാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ കടുവാക്കുഴി മധുവിന്റെ ഭാര്യ നളിനിയുടെ മൃതദേഹം ഇന്നലെ രാവിലെ 11 മണിയോടെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
ദുരന്തത്തില്‍ മരിച്ച ഐപ്പ്‌, മധു, ലീല, ജോസഫ്‌ എന്നിവരുടെ മൃതദേഹങ്ങള്‍ കോതമംഗലം താലൂക്കാശുപത്രിയില്‍നിന്നും നാരായണന്റെ മൃതദേഹം തൊടുപുഴ ആശുപത്രിയില്‍നിന്നും രാവിലെ പത്തരയോടെ വിലാപയാത്രയായി കടവൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ എത്തിച്ച്‌ സ്കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിന്‌ വെച്ചു. പതിനൊന്ന്‌ മണിയോടെ നളിനിയുടെ മൃതദേഹം കണ്ടെടുത്തതായി പോലീസ്‌ മൈക്കിലൂടെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ അഞ്ച്‌ മൃതദേഹങ്ങളും നാലാം ബ്ലോക്ക്‌ കവലയിലെത്തിച്ചു. മൂന്ന്‌ മണിയോടെ ഐപ്പിന്റെയും ലീലയുടെയും മൃതദേഹങ്ങള്‍ ഞാറക്കാട്‌ സെന്റ്‌ ജോണ്‍സ്‌ പള്ളിയിലും ഔസേപ്പിന്റെ ഞാറക്കാട്‌ സെന്റ്ജോസഫ്‌ കത്തോലിക്കാ പള്ളിയിലും നാരായണന്റെ മൃതദേഹം സ്വന്തം വീട്ടുവളപ്പിലും കടുവാക്കുടി മധു, ഭാര്യ നളിനി എന്നിവരുടെ മൃതദേഹങ്ങള്‍ കൂവള്ളൂരിലുള്ള സഹോദരന്‍ രമണന്റെ വീട്ടുവളപ്പിലും സംസ്കരിച്ചു.
മന്ത്രിമാരായ പി.ജെ. ജോസഫ്‌, അനൂപ്‌ ജേക്കബ്‌, എംപിമാരായ പി.ടി. തോമസ്‌, പി. രാജീവ്‌, എംഎല്‍എമാരായ ജോസഫ്‌ വാഴക്കന്‍, ടി.യു. കുരുവിള, വിവിധ കക്ഷിരാഷ്ട്രീയ നേതാക്കളായ ജോണി നെല്ലൂര്‍, പി.സി. തോമസ്‌, വി.ജെ. പൗലോസ്‌, ബിജെപി നേതാക്കളായ പി.പി. സജീവ്‌, കെ.ആര്‍. രഞ്ജിത്ത്‌, പി.കെ.ബാബു, ടി.എസ്‌. സുനീഷ്‌, മനോജ്‌ ഇഞ്ചൂര്‍, കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ്‌, ജില്ലാ സേവാപ്രമുഖ്‌ കെ.ആര്‍. ഹരിദാസ്‌ എന്നിവരും വിവിധ സാമുദായിക നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവരുമടങ്ങുന്ന വന്‍ജനാവലി ആദരാഞ്ജലികളര്‍പ്പിക്കാന്‍ എത്തിയിരുന്നു. അവസാനം കണ്ടെടുത്ത നളിനിയുടെ മൃതദേഹം കടവൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഇന്‍ക്വസ്റ്റ്‌ തയ്യാറാക്കി ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ദുരന്തത്തില്‍ അഞ്ച്‌ കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി റവന്യൂ അധികൃതര്‍ അറിയിച്ചു. ഏഴോളം വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയി. ഇരുപതേക്കറോളം തോട്ടകൃഷി ഒലിച്ചുപോയിട്ടുണ്ട്‌. വീട്ടുപകരണങ്ങളും മറ്റ്‌ രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്‌.
വീണ്ടും ഉരുള്‍പൊട്ടലിന്റെ ഭീഷണിയിലാണ്‌ ഒലിച്ചുപോയ വീടിനോട്‌ ചേര്‍ന്നുള്ള ഏതാനും വീട്ടുകാര്‍. വാളകത്ത്‌ കുമാരന്‍, കുതിരുംകുന്നേല്‍ ബിന്ദു, ചെളിക്കണ്ടത്തില്‍ ഷാജി, നിരക്കാനയില്‍ രാജമ്മ എന്നിവരുടെ വീടുകള്‍ക്ക്‌ ദുരന്തഭീഷണിയുള്ളതായി നാട്ടുകാര്‍ പറഞ്ഞു. ഇവരുടെ വീടുകളില്‍ ചിലതില്‍ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്‌. കൂടാതെ മലയുടെ മുകളിലും ചില സ്ഥലങ്ങളില്‍നിന്നും വെള്ളം കൂടുതലായി വരുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. മഴക്ക്‌ ശമനമായതിന്റെ നേരിയ ആശ്വാസത്തിലാണ്‌ പരിസരവാസികള്‍.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.