പോസ്റ്റില്‍ കുടങ്ങിയയാള്‍ക്ക് രക്ഷകനായി അഗ്നിശമനസേന ജീവനക്കാരന്‍

Wednesday 23 August 2017 10:03 pm IST

തൊടുപുഴ: രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റില്‍ കുടുങ്ങിയ കെഎസ്ഇബി ജീവനക്കാരന് അഗ്നിശമനസേന ജീവനക്കാരന്‍ രക്ഷകനായി. മൂലമറ്റം സ്വദേശി വി കെ ബിനോയി(30) യാണ് ഇന്നലെ രാവിലെ 11 മണിയോടെ കോടിക്കുളത്തിന് സമീപം വൈദ്യുതി പോസ്റ്റില്‍ കുടുങ്ങിയത്. ഈ സമയം ഇതുവഴി എത്തിയ തൊടുപുഴ അഗ്നിശമന സേനയിലെ ഡ്രൈവര്‍ ചിലവ് സ്വദേശി ജിജോ ഫിലിപ്പാണ് ബിനോയിയെ രക്ഷിച്ച് താഴെ ഇറക്കിയത്. കോടിക്കുളത്ത് പൊട്ടിവീണ വൈദ്യുതി ലൈന്‍ മാറ്റി വലിക്കുന്നതിനായാണ് കാളിയാര്‍ സെക്ഷനിലെ കെഎസ്ഇബി ജീവനക്കാരായ ബിനോയിയും സന്തോഷും എത്തുന്നത്. പോസ്റ്റിന് മുകളില്‍ കയറിയിരുന്ന് ജോലി ചെയ്യുന്നതിനിടെ രക്തസമ്മര്‍ദ്ദം താഴ്ന്ന് ഇറങ്ങാനാകാതെ പോസ്റ്റില്‍ കുടുങ്ങുകയായിരുന്നു. ശരീരം തളര്‍ന്നതോടെ പോസ്റ്റില്‍ പിടിച്ച് ഇരിക്കുകയായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ ജിജോ സംഭവം അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ എത്തുന്നതിന് മുമ്പുതന്നെ ഇതുവഴിയെത്തിയ ടിപ്പര്‍ ലോറി പോസ്റ്റിനോട് ചേര്‍ത്ത് നിര്‍ത്തിയ ശേഷം സമീപത്തെ വീട്ടില്‍ നിന്ന് സംഘടിപ്പിച്ച ഗോവണി ഉപയോഗിച്ച് ബിനോയിയെ താഴെ ഇറക്കുകയായിരുന്നു. നാട്ടുകാരും സഹായവുമായി ഒപ്പം ഉണ്ടായിരുന്നു. കെഎസ്ഇബിയിലെ മസ്ദൂര്‍ ജീവനക്കാരനാണ് ബിനോയി. കരിമണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനോയി സുഖം പ്രാപിച്ച് വരുന്നു. ജോലി കഴിഞ്ഞ് സഹോദരിയുടെ അടുത്തെത്തിയ ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ജിജോ. ഏറെക്കാലമായി തൊടുപുഴയിലാണ് ജോലി നോക്കി വരുന്നത്. സംഭവത്തില്‍ അതിവേഗം നടപടിയെടുത്ത ജിജോയെ തേടി നിരവധി അഭനന്ദനങ്ങളാണ് എത്തുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.