എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക്; യുവമോര്‍ച്ച മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം

Wednesday 23 August 2017 11:11 pm IST

പി.വി. അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍

മുക്കം(കോഴിക്കോട്): പി.വി. അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനുനേരെ പോലീസ് അതിക്രമം. പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

യുവമോര്‍ച്ച തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച്. പഞ്ചായത്ത് ഓഫീസിന് സമീപം ബാരിക്കേഡ് കെട്ടി തടയുകയും പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കാനായിരുന്നു പോലീസിന്റെ ശ്രമം.

യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കയ്യേറ്റക്കാര്‍ കയ്യാമം വെച്ച മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കയ്യേറ്റക്കാരെ കയ്യാമം വയ്ക്കുമെന്ന് വീമ്പിളക്കിയാണ് പിണറായി വിജയന്‍ അധികാരത്തില്‍ കയറിയത്. എന്നാലിപ്പോള്‍ മുഖ്യമന്ത്രിയെ കയ്യേറ്റ മാഫിയ കൈവിലങ്ങിട്ട കാഴ്ചയാണ്.

സംസ്ഥാനത്താകമാനം സിപിഎം നേതാക്കളും മന്ത്രിമാരും എംഎല്‍എമാരും ഭൂമിയും കായലുമടക്കം കയ്യേറുകയാണ്. കൂടരഞ്ഞി പഞ്ചായത്തിലെ ഭരണ- പ്രതിപക്ഷ മെമ്പര്‍മാര്‍ വന്‍തുക വാങ്ങിയാണ് പാര്‍ക്കിന് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയില്‍ മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റതിനെതിരെയും കക്കാടംപൊയിലിലെ പി.വി. അന്‍വര്‍ എംഎല്‍എയുടെ കയ്യെറ്റതിനെതിരെയും യുവമോര്‍ച്ച സന്ധിയില്ലാത്ത സമരം തുടരും. അന്‍വറിന്റെ കയ്യേറ്റത്തെ അനുകൂലിക്കുന്ന ഇടതുവലതു നേതാക്കള്‍ കോടികള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും അന്‍വറിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സാലു ഇരഞ്ഞിയില്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് സി.ടി ജയപ്രകാശ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജിതോമസ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.