സ്വകാര്യത മൗലികാവകാശം

Friday 25 August 2017 12:21 am IST

ന്യൂദല്‍ഹി: സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമെന്ന് സുപ്രീംകോടതി. എന്നാല്‍, പരമമായ അവകാശമല്ല. രാജ്യസുരക്ഷ അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരുകള്‍ക്ക് യുക്തിസഹമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാമെന്നും ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. ഭരണഘടനയുടെ 21-ാം അനുച്ഛേദമായ ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തില്‍ അന്തര്‍ലീനമാണ് സ്വകാര്യതയെന്ന് 547 പേജ് നീളുന്ന വിധിന്യായത്തില്‍ സുപ്രീംകോടതി വ്യക്തമാക്കി. സ്വകാര്യതയില്‍ നീതീകരിക്കാവുന്ന നിയന്ത്രണങ്ങള്‍ കൊണ്ടുവരാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണച്ചുള്ള വിധിന്യായമാണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ ആര്‍.കെ. അഗര്‍വാള്‍, ഡി.വൈ. ചന്ദ്രചൂഡ്, എസ്. അബ്ദുള്‍ നസീര്‍ എന്നീ നാലുപേരും ഒരുമിച്ചുള്ള വിധിന്യായമാണ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, എസ്.എ. ബോബ്‌ഡെ, ആര്‍.എഫ്. നരിമാന്‍, എ.എം. സപ്രെ, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവര്‍ ചീഫ് ജസ്റ്റിസ് അടക്കമുള്ളവരുടെ വിധിയോട് യോജിച്ചുള്ള പ്രത്യേക വിധിന്യായങ്ങളും എഴുതി. ചീഫ് ജസ്റ്റിസ് അടക്കമുള്ള നാലു ന്യായാധിപരുടെ കണ്ടെത്തലുകള്‍: ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങളുടെ ഭാഗമാണ് സ്വകാര്യത. അന്യാധീനപ്പെടാത്ത അവകാശങ്ങളാണ് ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം. മാന്യതയോടെയുള്ള വ്യക്തിയുടെ നിലനില്‍പ്പിന് ഈ അവകാശങ്ങള്‍ അനിവാര്യമാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങള്‍ തന്നെ വ്യക്തി സ്വാതന്ത്ര്യം, മാന്യത, തുല്യത എന്നിവയൊക്കെയാണ്. മാന്യതയുടെ ഏറ്റവും അടിസ്ഥാനമാണ് സ്വകാര്യത. കുടുംബം, വിവാഹം, വ്യക്തിബന്ധങ്ങള്‍, ലൈംഗികത എന്നിവയുമായി ബന്ധപ്പെട്ടതാണ് സ്വകാര്യത. വ്യക്തികളുടെ തെരഞ്ഞെടുപ്പിനുള്ള അധികാരവും സ്വകാര്യതയുടെ ഭാഗമാണ്. സാംസ്‌കാരിക വൈവിധ്യങ്ങള്‍ പരിരക്ഷിക്കുന്നതില്‍ സ്വകാര്യതയ്ക്ക് പങ്കുണ്ട്. പൊതുസ്ഥലത്ത് ആണെങ്കിലും ഒരു വ്യക്തിയുടെ സ്വകാര്യത ഒരിക്കലും നഷ്ടമാകുന്നില്ല. ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി സ്വകാര്യത നില്‍ക്കുമ്പോഴും അതിനെ പരമമായ അവകാശമായി കാണാനാവില്ല. മൗലികാവകാശങ്ങളുടെ ഭാഗമായ നിയന്ത്രണങ്ങള്‍ സ്വകാര്യതയ്ക്കും ബാധകമാണ്. എന്നാലിത് പരിധി ലംഘിക്കാന്‍ പാടില്ല. സാങ്കേതികവിദ്യയുടെ വികാസകാലത്ത് ഭരണഘടന എഴുതിയ കാലത്തേതു പോലെയല്ല കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. അതിനാല്‍, ഭരണഘടന വ്യാഖ്യാനിക്കുമ്പോള്‍ ഭാവിതലമുറയെ മുന്നില്‍ കാണേണ്ടതുണ്ട്. ഭരണഘടനയുടെ മൂന്നാംഭാഗത്തിലെ ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യങ്ങളുടെ കൂട്ടത്തില്‍ സ്വകാര്യത ഉള്‍പ്പെടില്ല. കാരണം, അതിനെ പരമമായ അവകാശമായി കാണാനാവില്ല. സ്വകാര്യതയ്ക്ക് വിവിധ തലങ്ങളുണ്ട്. വ്യക്തികളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ സൂക്ഷിക്കാന്‍ കൃത്യമായ സംവിധാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരണം. സ്വകാര്യത ചെറിയ തോതിലെങ്കിലും ലംഘിക്കപ്പെടുന്ന നിയമാനുസൃത ലക്ഷ്യങ്ങള്‍, ദേശസുരക്ഷ, കുറ്റകൃത്യങ്ങള്‍ തടയല്‍, സാങ്കേതികവിദ്യയുടെ പ്രോത്സാഹനം, വിവര വിനിമയം, സാമൂഹ്യക്ഷേമ പദ്ധതികളുടെ ദുര്‍വിനിയോഗം തടയല്‍ എന്നിവയാണെന്നും ന്യായാധിപര്‍ വ്യക്തമാക്കി. യുക്തിസഹവും പരിമിതവും മതിയായതുമായ സാഹചര്യങ്ങളില്‍ മാത്രമേ സ്വകാര്യതയില്‍ സര്‍ക്കാരുകള്‍ക്ക് ഇടപെടാനാവൂ എന്ന് ജസ്റ്റിസ് ചെലമേശ്വര്‍ വിധിയെഴുതി. ഭരണഘടനയുടെ മൂന്നാം വകുപ്പ് നല്‍കുന്ന ഏതൊക്കെ സ്വാതന്ത്ര്യങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തിക്കൊണ്ടാകണം സര്‍ക്കാരുകള്‍ സ്വകാര്യതയില്‍ കൈകടത്തേണ്ടതെന്ന് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ വ്യക്തമാക്കി. സ്വകാര്യതാ ലംഘനത്തെപ്പറ്റി ഓരോ പരാതിയുടേയും അടിസ്ഥാനത്തില്‍ പരിശോധിക്കപ്പെടണമെന്ന നിര്‍ദ്ദേശം ജസ്റ്റിസ് സപ്രെ മുന്നോട്ടുവച്ചപ്പോള്‍ സ്വകാര്യത ലംഘിക്കപ്പെടുന്നത് ചെറിയൊരു വിഭാഗത്തിനാണെങ്കില്‍ പോലും അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ വിധിച്ചു. എഡിഎം ജബല്‍പൂര്‍ ഭൂരിപക്ഷവിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ആര്‍.എഫ് . നരിമാന്‍ വിധിയെഴുതിയത്. അടിയന്തരാവസ്ഥക്കാലത്തെ കരുതല്‍ തടങ്കലുമായി ബന്ധപ്പെട്ട് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡിന്റെ വിധിയാണ് മകന്‍ ഡി.വൈ. ചന്ദ്രചൂഡ് ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ച് റദ്ദാക്കിയതെന്നതും ശ്രദ്ധേയമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.