മന്ത്രി ശൈലജയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കി

Thursday 24 August 2017 11:32 pm IST

കൊച്ചി: ബാലാവകാശ കമ്മിഷനംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട വിധി ന്യായത്തില്‍ നിന്ന് ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കി. എന്നാല്‍ കമ്മീഷന്‍ അംഗങ്ങളുടെ നിയമനം റദ്ദാക്കിയ സംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ ഡിവിഷന്‍ ബെഞ്ച് തയ്യാറായില്ല. ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് തീരുമാനം. അപ്പീല്‍ പരിഗണിക്കവെ സിംഗിള്‍ ബെഞ്ചിന്റെ പാരാമര്‍ശങ്ങള്‍ നീക്കാന്‍ അതേ കോടതിയെ തന്നെ സമീപിക്കാത്തത് എന്താണെന്നു കോടതി ചോദിച്ചു. എന്നാല്‍ പരാമര്‍ശങ്ങള്‍ ദോഷകരമായി ബാധിക്കുന്ന അവസരത്തിലാണ് അപ്പീല്‍ സമര്‍പ്പിച്ചതെന്നു അഡ്വക്കേറ്റ് ജനറല്‍ ചൂണ്ടാക്കിട്ടി. കേസില്‍ മന്ത്രി കക്ഷിയല്ലെന്നും ഈ സാഹചര്യത്തില്‍ മന്ത്രിയുടെ അസാന്നിധ്യത്തില്‍ നടത്തിയ പരമാര്‍ശങ്ങള്‍ ഒഴിവാക്കാമെന്നും ഡിവിഷന്‍ ബെഞ്ച് നിലപാട് എടുക്കുകയായിരുന്നു. മന്ത്രിയുടെ താല്‍പര്യപ്രകാരം ബാലാവകാശ കമ്മീഷനില്‍ അംഗങ്ങളെ തിരുകി കയറ്റാന്‍ ശ്രമിച്ചെന്ന പരാമര്‍ശമാണ് ഹൈക്കോടതി നീക്കിയത്. ബാലാവകാശ കമ്മിഷനംഗങ്ങളുടെ നിയമനത്തെ ചോദ്യം ചെയ്ത് കോട്ടയം സ്വദേശിനി ഡോ. ജാസ്മിന്‍ അലക്‌സ് നല്‍കിയ ഹര്‍ജിയിലാണ് മന്ത്രിയുടെ നടപടിയില്‍ കോടതി സംശയം പ്രകടിപ്പിച്ചത്. തീയതി നീട്ടാന്‍ മന്ത്രി നിര്‍ദേശിച്ചതിന്റെ കാരണം ഫയലില്‍ വ്യക്തമാക്കണമായിരുന്നു. വ്യക്തമാക്കാതിരുന്നാല്‍ തീരുമാനം സദുദ്ദേശ്യപരമല്ലെന്നേ കരുതാനാവൂയെന്നു കോടതി വിലയിരുത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.