അധ്യാപക-വിദ്യാര്‍ഥി ശാക്തീകരണവുമായി ഡയറ്റ്: ആദിവാസി മേഖലയ്ക്കും ഇംഗ്ലീഷ് പഠനത്തിനും പ്രാമുഖ്യം

Thursday 24 August 2017 6:02 pm IST

പാലക്കാട്:ഹൈസ്‌കൂളിലെ ഇംഗ്ലീഷ് പാഠ്യപദ്ധതിയും പഠനവും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രസകരമാക്കുന്നതിനുള്ള ആസ്പയര്‍-സ്റ്റെപ്പ് മൂന്ന് പദ്ധതി മുതല്‍ ആദിവാസി മേഖലയില്‍ സ്റ്റുഡന്റ് പ്ലസ് പദ്ധതി വരെ ഉള്‍പ്പെടുത്തിയിട്ടുള്ള 2017-18ലെ ഡയറ്റിന്റെ പദ്ധതികള്‍ ജില്ലാ ഉപദേശകമിതി യോഗം അംഗീകരിച്ചു. ഗവേഷണം, റിസോസ് സെന്റര്‍, ഡോകുമെന്റേഷന്‍, പരിശീലനം, നൂതന പദ്ധതികള്‍, ഉള്ളടക്കം തയ്യാറാക്കല്‍ തുടങ്ങിയവയ്ക്കായി 24 ലക്ഷം വിനിയോഗിക്കും. കൂടാതെ ഫാക്കല്‍റ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന് അഞ്ച് ലക്ഷവും ആദിവാസി മേഖലയിലെ പഠനനിലവാരമുയര്‍ത്തുന്നതിന് 12 ലക്ഷവും വിനിയോഗിക്കും. ഹൈസ്‌കൂളുകളില്‍ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിന് വിവിധ അധ്യാപകര്‍ സ്വീകരിക്കുന്ന നൂതന മാര്‍ഗങ്ങള്‍ ക്രോഡീകരിക്കും. കൂടാതെ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ത്രിദിന ശില്പശാല, ഇംഗ്ലീഷിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനം, പരിശീലനത്തിനുള്ളപ്രത്യേക ഉള്ളടക്കം തയ്യാറാക്കല്‍ തുടങ്ങിയവും പദ്ധതിയിലുണ്ട്. എട്ടാം ക്ലാസിലെ ഇംഗ്ലീഷ് പഠനനിലവാരത്തെക്കുറിച്ച് പഠിക്കുന്നതിന് സ്റ്റേറ്റ് അച്ചീവ്‌മെന്റ് സര്‍വെ (എസ്എംഎസ്)യും പാലക്കാട് ഡയറ്റിന്റെ നേതൃത്വത്തില്‍ നടത്തും. വിവിധ ജില്ലകള്‍ക്കായി വിവിധ വിഷയങ്ങളുടെ സര്‍വെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. യുപി-ഹൈസ്‌കൂള്‍ ക്ലാസുകളിലെ സംസ്‌കൃതം-മാത്‌സ്, പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് സമഗ്ര വെബ് ജാലകവും ഡയറ്റിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 30നകം തയ്യാറാക്കും. ജില്ലയുടെ സമഗ്ര വിദ്യാഭ്യാസ വികസനത്തിന് ഡയറ്റ്, വിദ്യാഭ്യാസ വകുപ്പ്, ആര്‍എംഎസ്എ, എസ്എസ്എ പദ്ധതികള്‍ എന്നിവയുടെ സംയോജനം ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്, സ്പന്ദനം പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനം വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ്, പാഠ്യപദ്ധതിക്കപ്പുറത്തെ വായന എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു. റ്റി.കെ.നാരായണദാസ്, ഡി.ബിനുമോള്‍, സിന്ധു രവീന്ദ്രകുമാര്‍, കെ.സേതുമാധവന്‍, ഡോ: കെ.രാമചന്ദ്രന്‍, ഡോ: രാജേന്ദ്രന്‍, പി.നിഷ, പി.കൃഷ്ണന്‍ മറ്റ് അംഗങ്ങള്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.