സിദ്ധന്‍ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ്: പ്രതി പിടിയില്‍

Thursday 24 August 2017 9:37 pm IST

മലപ്പുറം: സിദ്ധന്‍ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. കുടക് സോംവാരഴപേട്ട് കണ്ടക്കരെ സ്വദേശി കുഞ്ഞിമുഹമ്മദ് (38) ആണ് പോലീസിന്റെ പിടിയിലായത്. 2015 അവസാനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ഒളിവിലായിരുന്ന പ്രതിയെ മലപ്പുറം പോലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മലപ്പുറം ചട്ടിപ്പറമ്പില്‍ വാടക ക്വാട്ടേഴ്‌സില്‍ താമസിച്ചിരുന്ന സ്ത്രീയുടെ സുഖമില്ലാത്ത കുട്ടിയുടെ ചികിത്സക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചുകിട്ടിയ പണം ഉള്‍പ്പെടെ രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. അയല്‍ വീട്ടില്‍ സിദ്ധനെന്ന വ്യാജേന താമസിച്ചിരുന്ന പ്രതി വീട് നിര്‍മ്മിക്കാന്‍ സ്ഥലം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് പണം കൈക്കലാക്കി മുങ്ങുകയായിരുന്നു. അന്ന് പോലീസ് കുടകിലും പരിസരത്തും അന്വേഷിച്ചെങ്കിലും പ്രതി അവിടെ നിന്നും രക്ഷപെട്ടു. തുടര്‍ന്ന് കോടതി ഇയാളുടെ പേരില്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് പോലീസ് കര്‍ണ്ണാടകയിലെത്തി പ്രതിയുടെ നീക്കങ്ങള്‍ മനസ്സിലാക്കിയ ശേഷം ഇന്നലെ പുലര്‍ച്ചെ ബേഗൂരില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ സമാന സ്വഭാവമുള്ള വേറെയും സംഭവങ്ങളില്‍ പങ്കുണ്ടെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരുന്നു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു. മലപ്പുറം എസ്‌ഐ ബിനു ബി.എസ്, വി. കുഞ്ഞിമുഹമ്മദ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ സ്രാമ്പിക്കല്‍ മുഹമ്മദ് ഷാക്കിര്‍, എന്‍.എം. അബ്ദുല്ല ബാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.